Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്‌സഭ സീറ്റുകൾ 850...

ലോക്‌സഭ സീറ്റുകൾ 850 ആക്കുന്നത് ജനാധിപത്യത്തിന് ഭീഷണി -ശശി തരൂർ; ജനസംഖ്യ വർധിച്ചെങ്കിൽ നിയമസഭകളിലെ അംഗസംഖ്യ വർധിപ്പിക്കാം

text_fields
bookmark_border
Shashi Tharoor
cancel
camera_alt

ശശി തരൂർ 

ന്യൂഡൽഹി: ലോക്‌സഭ മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി ലോക്‌സഭയിലെ അംഗസംഖ്യ 824 അല്ലെങ്കിൽ 850 ആയി വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ദേശീയ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ജനസംഖ്യ വർധിച്ചതിനാൽ ലോക്‌സഭയുടെ വലിപ്പവും വർധിപ്പിക്കണമെന്ന സർക്കാർ വാദം ജനാധിപത്യപരമായി തോന്നാമെങ്കിലും, അതിന്റെ പിന്നിൽ വലിയ അപകടസാധ്യതകളുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടി. 1972ൽ നിശ്ചയിച്ച 543 അംഗപരിധി മാറ്റേണ്ടതുണ്ടെന്ന വാദം ഉയരുന്ന സാഹചര്യത്തിൽ, ഇത്രയും വലിയ നിയമനിർമാണ സഭ കാര്യക്ഷമമായി പ്രവർത്തിക്കുമോ എന്ന അടിസ്ഥാന ചോദ്യത്തിന് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ പ്രധാന ജനാധിപത്യ രാജ്യങ്ങളിലൊന്നും ഇത്രയും വലിയ പാർലമെന്റ് ഇല്ലെന്ന് തരൂർ അഭിപ്രായപ്പെട്ടു. ഒരു നിയമനിർമാണ സഭക്ക് ഫലപ്രദമായ ചർച്ചകൾ, നിയമപരിശോധന, അംഗങ്ങളുടെ സജീവ പങ്കാളിത്തം എന്നിവ ഉറപ്പാക്കാൻ പ്രായോഗികമായ പരിധി വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അംഗസംഖ്യ അമിതമായി വർധിപ്പിച്ചാൽ പാർലമെന്റ് ഗൗരവമുള്ള ചർച്ചകളുടെ വേദിയല്ലാതെ വെറും വോട്ടെടുപ്പ് യന്ത്രമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കൻ ജനപ്രതിനിധി സഭയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ തരൂർ, 1929ൽ 435 അംഗങ്ങളായി നിശ്ചയിച്ച സഭയുടെ അംഗസംഖ്യ പിന്നീട് ജനസംഖ്യ മൂന്നിരട്ടിയായിട്ടും വർധിപ്പിച്ചിട്ടില്ലെന്ന് ഓർമിപ്പിച്ചു. ജനസംഖ്യക്ക് അനുസരിച്ച് അംഗസംഖ്യ കൂട്ടുന്നതിനുപകരം, ഓരോ പ്രതിനിധിയും കൂടുതൽ ജനങ്ങളെ പ്രതിനിധീകരിക്കുന്ന രീതിയാണ് അവിടെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

850 അംഗങ്ങളുള്ള ലോക്‌സഭയിൽ സാധാരണ നിയമനിർമാണ ചർച്ചകളിൽ വളരെ കുറച്ച് എം.പിമാർക്ക് മാത്രമേ സംസാരിക്കാൻ അവസരം ലഭിക്കൂവെന്ന് തരൂർ വിലയിരുത്തി. ഭൂരിഭാഗം അംഗങ്ങളും ചോദ്യം ചോദിക്കാനോ സ്വകാര്യ ബിൽ അവതരിപ്പിക്കാനോ സുപ്രധാന ചർച്ചകളിൽ പങ്കെടുക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ എം.പിമാർ പാർട്ടി നിർദേശപ്രകാരം വോട്ട് ചെയ്യുന്ന നിശബ്ദ സാന്നിധ്യങ്ങളായി ചുരുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനകം തന്നെ പാർലമെന്റിന്റെ പ്രവർത്തന ദിവസങ്ങൾ കുറയുകയും, സമിതി പരിശോധനയില്ലാതെ ബില്ലുകൾ പാസാക്കപ്പെടുകയും, പ്രതിപക്ഷത്തിന്റെ പങ്ക് പരിമിതപ്പെടുത്തപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അംഗസംഖ്യ വർധനവ് സ്ഥിതി കൂടുതൽ മോശമാക്കുമെന്നാണ് തരൂരിന്റെ വിലയിരുത്തൽ. ചർച്ചകൾ ഫലപ്രദമായി നടക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ, പാർലമെന്റിന്റെ മേൽനോട്ട അധികാരം സ്വാഭാവികമായി കാര്യനിർവാഹക സ്വഭാവത്തിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യ വർധനവിനെ തുടർന്ന് പ്രതിനിധിത്വം കൂട്ടേണ്ടതുണ്ടെങ്കിൽ ലോക്‌സഭയല്ല, സംസ്ഥാന നിയമസഭകളിലെ അംഗസംഖ്യ വർധിപ്പിക്കുന്നതാണ് കൂടുതൽ യുക്തിസഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ ശക്തി അംഗങ്ങളുടെ എണ്ണത്തിലല്ല, ചർച്ചകളുടെ ഗുണമേന്മയിലും നിയമനിർമാണ സമിതികളുടെ കാര്യക്ഷമതയിലുമാണ് നിലനിൽക്കുന്നതെന്ന് തരൂർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi Tharoor
News Summary - Raising Lok Sabha seats to 850 is a threat to democracy -Shashi Tharoor
Next Story