'ഇന്നലെ രാത്രി വിളിച്ചിരുന്നു, അവരുടെ വിവാഹ വാർഷികമായിരുന്നു...'; പഹൽഗാമിൽ വെടിയേറ്റ് മരിച്ചവരിൽ ഭാര്യക്കും മക്കൾക്കുമൊപ്പം വിവാഹ വാർഷികം ആഘോഷിക്കാൻ എത്തിയ യുവാവും
text_fieldsദിനേശ് മിറാനിയ
കശ്മീരിലെ പഹൽഗാമിനടുത്ത് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട 29 പേരിൽ റായ്പൂർ നിവാസിയായ ദിനേശ് മിറാനിയയും ഉണ്ടായിരുന്നു. വിവാഹ വാർഷികം ആഘോഷിക്കാനായി പഹൽഗാമിൽ എത്തിയപ്പോഴാണ് 42കാരനായ ദിനേശ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.
ഏപ്രിൽ 17 നാണ് ഭാര്യ നേഹക്കും 17 വയസ്സുള്ള മകനും 16കാരിയായ മകൾക്കുമൊപ്പം അദ്ദേഹം ജമ്മു കശ്മീരിൽ എത്തിയത്. 'അന്ന് അവരുടെ വിവാഹ വാർഷികമായിരുന്നു. ഇന്നലെ രാത്രി അദ്ദേഹം വിളിച്ച് അവർ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ച കാര്യം പറഞ്ഞിരുന്നു'- ദിനേശ് മിറാനിയയുടെ അടുത്ത സുഹൃത്ത് പറയുന്നു.
ചൊവ്വാഴ്ച വൈകിട്ട് എന്താണ് സംഭവിച്ചതെന്ന് അറിയാൻ നിരവധി അയൽക്കാർ സാംത കോളനിയിലെ ദിനേശിന്‍റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു. മറ്റൊരു സംസ്ഥാനത്ത് പഠിക്കുന്ന മകൻ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ റായ്പൂരിൽ എത്തിയിരുന്നതായി അയൽക്കാരിൽ ഒരാൾ പറഞ്ഞു. പൊലീസും ഉയർന്ന ഉദ്യോഗസ്ഥരും കുടുംബത്തിന്റെ റായ്പൂരിലെ വീട് സന്ദർശിച്ചെങ്കിലും അത് പൂട്ടിയ നിലയിലായിരുന്നു.
വൈകുന്നേരം ആറ് മണിയോടെ, ആക്രമണത്തിൽ പരിക്കേറ്റവരിൽ ദിനേശ് മിറാനിയയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അയൽക്കാർക്ക് വിവരം ലഭിച്ചു. പിന്നീട് ചികിത്സക്കിടെ ആശുപത്രിയിൽ വെച്ച് അദ്ദേഹം മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ദിനേശിന്‍റെ സഹോദരൻ നരേഷ് നാളെ ജമ്മു കശ്മീരിൽ എത്തുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

