ക്രിസ്മസ് ആക്രമണ കേസിൽ ജാമ്യം ലഭിച്ചവർക്ക് വൻ സ്വീകരണം; ബി.ജെ.പി സർക്കാർ ഗുണ്ടായിസത്തെ പിന്തുണക്കുന്നെന്ന് കോൺഗ്രസ്
text_fieldsറായ്പൂർ: ഛത്തീസ്ഗഡിൽ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ ജയിൽ മോചിതരായ പ്രതികൾക്ക് വൻ സ്വീകരണം. ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ജയിലിന് പുറത്ത് വീരോചിത സ്വീകരണമാണ് പ്രതികൾക്ക് നൽകിയത്.
റായ്പൂർ മാളിലും പരിസരങ്ങളിലും ഒരുക്കിയ ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചതിന് അറസ്റ്റിലായവരാണ് കഴിഞ്ഞ ദിവസം ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇവരെ മാല ചാർത്തിയും മുദ്രാവാക്യം മുഴക്കിയും ഘോഷയാത്രയായി സ്വീകരണം നൽകിയതോടെ ബി.ജെ.പി സർക്കാർ ഗുണ്ടായിസത്തെ പിന്തുണക്കുകയാണെന്ന് ഛത്തീസ്ഗഡ് കോൺഗ്രസ് ആരോപിച്ചു. ഈ ആഘോഷം ആൾക്കൂട്ട അക്രമത്തിനുള്ള ഔദ്യോഗിക പിന്തുണ വെളിപ്പെടുത്തിയെന്ന് പാർട്ടി ആരോപിച്ചു.
ഇക്കഴിഞ്ഞ ക്രിസ്മസ് രാവിലാണ് സംസ്ഥാന തലസ്ഥാനത്തെ മാളിൽ നൂറുകണക്കിന് സർവ് ഹിന്ദു സമാജ് പ്രവർത്തകർ കടകൾ നശിപ്പിച്ചത്. ഈ സംഭവം അന്താരാഷ്ട്ര തലത്തിൽ സംസ്ഥാനത്തെ നാണക്കേടിലാക്കിയാതായി പാർട്ടി ചൂണ്ടിക്കാട്ടി. ‘സംസ്ഥാന സർക്കാർ ഗുണ്ടായിസത്തെ പിന്തുണക്കുകയാണ്. അക്രമികളെ സർക്കാർ വിട്ടയച്ചത് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കി. അക്രമത്തിൽ ഉൾപ്പെട്ടവരെ വിട്ടയക്കുന്നതിന് പകരം സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കണം” -കോൺഗ്രസ് മാധ്യമവിഭാഗം മേധാവി സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.
മാഗ്നെറ്റോ മാളിൽ ക്രിസ്മസ് രാവിൽ ആക്രമണം നടത്തിയതിന് അറസ്റ്റിലായ ആറ് പേരെ സെഷൻസ് കോടതി ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെ ബജ്രംഗ്ദൾ പ്രവർത്തകർ ഗംഭീര സ്വീകരണം നൽകിയതായും ശുക്ല പറഞ്ഞു. അക്രമത്തിന് പിന്നിൽ സർക്കാരിന്റെ കൈകളാണെന്ന് ഇത് വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച റായ്പൂർ ജയിലിൽനിന്ന് പുറത്തിറങ്ങിയ പ്രതികളെ സർവ ഹിന്ദു സമാജ് അംഗങ്ങൾ മാലകൾ അണിയിച്ചും രഘുപതി രാഘവ് രാജാ റാം മുദ്രാവാക്യം മുഴക്കിയുമാണ് സ്വീകരിച്ചത്. പ്രതികളെ ആറുപേരെയും തോളിലേറ്റി ഘോഷയാത്ര നടത്തുകയും ചെയ്തു. പ്രതികളെ ‘ഹിന്ദു ടൈഗേഴ്സ് എന്ന് വിശേഷിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ സോഷ്യൽ മീഡിയ റീലുകളും ഇറക്കിയിട്ടുണ്ട്.
മതപരിവർത്തനത്തിൽ പ്രതിഷേധിച്ച് ഡിസംബർ 24 ന് സർവ ഹിന്ദു സമാജ് സംസ്ഥാനവ്യാപക ബന്ദ് ആചരിച്ചിരുന്നു. ഇതിനിടെയാണ് ആയുധധാരികളായ ആൾക്കൂട്ടം മാഗ്നെറ്റോ മാളിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടത്. സാന്താക്ലോസിനെയും പുൽക്കൂടും ഇവർ നശിപ്പിച്ചിരുന്നു.
എന്നാൽ, ബന്ദ് ആഹ്വാനം ഉണ്ടായിരുന്നിട്ടും മാൾ തുറന്നിരുന്നുവെന്നും ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി അക്രമത്തെ ബജ്രംഗ്ദൾ സംസ്ഥാന വക്താവ് ഋഷി മിശ്ര ന്യായീകരിച്ചു. “ബന്ദ് ആഹ്വാനം ലംഘിച്ചതിന് ഞങ്ങൾ സ്വത്ത് നശിപ്പിച്ചു. ഹിന്ദു പതാക ഉയർത്തിപ്പിടിച്ചതിന് ആരെങ്കിലും ഞങ്ങളെ ഗുണ്ടകൾ എന്ന് വിളിച്ചാൽ ഞങ്ങൾക്ക് കുഴപ്പമില്ല. ഹിന്ദു സമാജത്തെ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും” -അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെ മതപരിവർത്തനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഡിസംബർ 31-ന് നടന്ന ഘോഷയാത്രയിൽ ഉയർന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളിൽ തെറ്റൊന്നുമില്ലെന്ന് മിശ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

