ചൂടിന് ആശ്വാസം: ഡൽഹിയിൽ വ്യാപക മഴ
text_fieldsന്യൂഡൽഹി: അത്യുഷ്ണത്തിൽ നിന്ന് മോചനം നൽകിക്കൊണ്ട് ഡൽഹിയിൽ മഴ. ദേശീയ തലസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.
ദേശീയ തലസ്ഥാന മേഖല മേഘാവൃതമാണെന്നും അതിനാൽ അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ ഇടിമിന്നലോടുകൂടിയ മഴയോ പൊടിക്കാറ്റോ നേരിയതോതിലോ ഇടത്തരം തീവ്രതയിലോ അനുഭവപ്പെടാമെന്നും മണിക്കൂറിൽ 40/70 കിലോമീറ്റർ വേഗതയിലാകും കാറ്റ് അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
പുതുക്കി നൽകിയ അറിയിപ്പിൽ മഴ സാധ്യത അടുത്ത രണ്ടു മണിക്കൂർ കൂടി ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇടിമിന്നൽ കൊടുങ്കാറ്റും ഉണ്ടാകാമെന്നും ആളുകൾ ജാഗ്രത പാലിക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വകുപ്പ് ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച താപനില 45 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ഉഷ്മാവ് 34.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഊഷ്മാവ് 40 ഡിഗ്രി സെൽഷ്യസ് ആയാൽ സമതലങ്ങളിൽ ഉഷ്ണ തരംഗമുണ്ടാകും. തീരപ്രദേശങ്ങളിൽ 37 ഡിഗ്രി സെലഷ്യസും മലമ്പ്രദേശങ്ങളിൽ 30 ഡിഗ്രിയുമാണെങ്കിൽ അത് ഉഷ്ണതരംഗമായാണ് പ്രഖ്യാപിക്കുക.