മഴക്കെടുതിയിൽ ദക്ഷിണേന്ത്യ; തമിഴ്നാട്ടിലും കർണാടകയിലുമായി എട്ട് മരണം
text_fieldsതിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ കനത്ത മഴയിൽ വൻ നാശനഷ്ടം. കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് മഴ നാശം വിതച്ചത്. ചെന്നൈ, ബംഗളൂരു പോലുള്ള വൻ നഗരങ്ങൾ കനത്തമഴയിൽ വലഞ്ഞു. വരും ദിവസങ്ങളിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്ത്യയുടെ ഐ.ടി തലസ്ഥാനമായ ബംഗളൂരുവിൽ കനത്ത നാശമാണ് മഴമൂലം ഉണ്ടായത്. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി റോഡുകളിൽ കനത്ത ഗതാഗതകുരുക്കുണ്ടായി. സിൽക്ക് റോഡ് ജംക്ഷൻ, ഹോസൂർ റോഡ്, ബി.ടി.എം ലേഔട്ട് എന്നീ പ്രധാനപ്പെട്ട റോഡുകളിലെല്ലാം വെള്ളംകയറി.
കർണാടകയിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു. ഇതിൽ നാല് പേരും ഷോക്കേറ്റാണ് മരിച്ചത്. എൻ.എസ് പാലയയിൽ അപ്പാർട്ട്മെന്റിൽ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. മോട്ടോറിൽ നിന്ന് ഷോക്കേറ്റ് 63കാരനും 12 വയസുള്ള പേരമകനുമാണ് മരിച്ചത്. സോഫ്റ്റ്വെയർ കമ്പനിയുടെ മതിലിടിഞ്ഞ് വീണ് ജീവനക്കാരി മരിച്ചു.
തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പടെയുള്ള നഗരങ്ങളിലും മഴ തുടരുകയാണ്. മഴക്കൊപ്പം ഇടിമിന്നലും കനത്ത കാറ്റും തമിഴ്നാട്ടിൽ അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും വിവിധയിടങ്ങളിൽ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. തമിഴ്നാട്ടിൽ മതിലിടിഞ്ഞ് വീണാണ് മൂന്ന് പേർ മരിച്ചത്. തിരുപ്പറംകുണ്ഡ്രത്തായിരുന്നു അപകടം. വലിയാംഗുലം ഗ്രാമത്തിലാണ് അപകടമുണ്ടായത്.
അതേസമയം കേരളത്തിൽ അഞ്ചുദിവസത്തിനുള്ളിൽ കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാലു ജില്ലകളിൽ അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്.
ശക്തമായ കാറ്റിനും ഇടിക്കും സാധ്യതയുള്ളതിനാൽ വടക്കൻ കേരളത്തിൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

