ന്യൂഡൽഹി: സ്പെഷ്ൽ ട്രെയിനുകളെക്കാൾ വേഗമേറിയ ക്ലോൺ ട്രെയിനുകളുമായി റെയിൽവേ. 40 പുതിയ ട്രെയിനുകൾ തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും. സ്പെഷൽ ട്രെയിനുകളിൽ റിസര്‍വേഷൻ ലഭിക്കാത്ത, വെയിറ്റിങ് ലിസ്റ്റിലുള്ളവരെ ലക്ഷ്യമിട്ടാണ് റെയിൽവേ ക്ലോൺ ട്രെയിനുകൾ അവതരിപ്പിക്കുന്നത്. യാത്ര ചെയ്യാൻ ലക്ഷ്യമിട്ട ട്രെയിൻ പുറപ്പെടുന്നതിനു മുേമ്പ ക്ലോൺ ട്രെയിൻ പുറപ്പെടും. സ്റ്റോപ്പുകൾ കുറവും വേഗം കൂടുതലുമായതിനാൽ രണ്ടോ മൂന്നോ മണിക്കൂർ മുേമ്പ ലക്ഷ്യസ്ഥാനത്തെത്തും. അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനപ്പെടാൻ ഇടയുള്ള സർവിസാണിത്. തേഡ് എ.സി കോച്ചുകൾ ആയിരിക്കും ക്ലോൺ ട്രെയിനുകളിലുണ്ടാവുക.
സെപ്റ്റംബര്‍ 19ന് രാവിലെ എട്ടു മുതൽ റിസര്‍വേഷൻ തുടങ്ങിയിട്ടുണ്ട്. 10 ദിവസം മുേമ്പ റിസർവേഷന്‍ അവസരമുണ്ട്. 'ഹംസഫർ', ജനശതാബ്ദി ട്രെയിനുകളുടെ ടിക്കറ്റ് നിരക്കാണ് ഈടാക്കുക. യാത്രക്കാരുടെ തിരക്ക് കുറക്കാൻ നിലവിലുള്ള 230 സ്പെഷ്ൽ ട്രെയിനുകൾക്കു പുറമെ, 80 ട്രെയിനുകൾ കൂടി ഓടിക്കും എന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.