വന്ദേ ഭാരത് ട്രെയിനുകളുടെ നിലവാരത്തിലേക്കുയരാൻ ശതാബ്ദി, ജൻ ശതാബ്ദി എക്സ്പ്രസുകൾ! പദ്ധതിക്ക് തുടക്കംകുറിച്ച് റെയിൽവേ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ ഇന്ത്യൻ റെയിൽവേ ശതാബ്ദി, ജൻ ശതാബ്ദി എക്സ്പ്രസുകളുടെ മുഖച്ഛായ അടിമുടി മാറ്റാനായി രാജ്യവ്യാപകമായി പുതിയ കാമ്പയിന് തുടക്കം കുറിച്ചു. വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകൾക്ക് പിന്നാലെ രാജ്യത്തെ പ്രീമിയം ട്രെയിനുകളായ ശതാബ്ദി, ജൻ ശതാബ്ദി എക്സ്പ്രസുകളിലെ യാത്രക്കാരുടെ സൗകര്യം, ട്രെയിനുകളുടെ ഭംഗി, സേവന നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതാണ് പുതിയ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ സർവീസ് നടത്തുന്ന ശതാബ്ദി, ജൻ ശതാബ്ദി എക്സ്പ്രസ് ട്രെയിനുകളിലെ പോരായ്മകൾ പരിഹരിച്ച് ആധുനികവൽക്കരിക്കുന്നതിനായി എല്ലാ റെയിൽവേ സോണുകൾക്കും റെയിൽവേ ബോർഡ് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രധാന മാറ്റങ്ങൾ ഇവയാണ്
- മികച്ച ബാത്‌റൂം/ടോയ്ലറ്റ് സംവിധാനം ഉൾപ്പെടുത്തി മെച്ചപ്പെട്ട ഡ്രെയിനേജ് സിസ്റ്റം വഴി ശുചിമുറികൾ നവീകരിക്കും
- സീറ്റുകളിലെ കുഷ്യനുകൾ മാറ്റുകയും മൊബൈൽ ചാർജിങ് പോർട്ടുകൾ, ലഘുഭക്ഷണത്തിനുള്ള ടേബിളുകൾ എന്നിവ കാര്യക്ഷമമാക്കും
- യാത്രക്കിടയിലുണ്ടാകുന്ന കുലുക്കം (Jerks) കുറക്കാനുള്ള സാങ്കേതിക മാറ്റങ്ങൾ വരുത്തും
- കോച്ചുകളുടെ ഫ്ലോറിങ്, പാനലുകൾ, വെസ്റ്റിബ്യൂൾ ഏരിയകൾ എന്നിവ പുതുക്കിപ്പണിയും
- ഡിജിറ്റൽ ഇൻഫർമേഷൻ സിസ്റ്റം (PAPIS) പരിഷ്കരിക്കും. കൂടാതെ സുരക്ഷക്കായി സി.സി.ടി.വി കാമറകൾ കൂടുതൽ കാര്യക്ഷമമാക്കും
- കോച്ചുകൾക്കുള്ളിൽ മെച്ചപ്പെട്ട ലൈറ്റിങ്ങും പുറത്ത് വ്യക്തമായ ഡെസ്റ്റിനേഷൻ ബോർഡുകളും സ്ഥാപിക്കും
യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചും ട്രെയിനുകളുടെ വിശ്വാസ്യത ഉറപ്പാക്കാനുമാണ് ഈ നീക്കമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിലുള്ള ട്രെയിൻ കോച്ചുകൾ പരിശോധിച്ച് പോരായ്മകൾ കണ്ടെത്തി നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കാനാണ് സോണൽ റെയിൽവേകൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
നിലവിൽ രാജ്യത്തെ പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏകദേശം 25 ജോഡി ശതാബ്ദി എക്സ്പ്രസുകളും ഇരുപതിലധികം ജൻ ശതാബ്ദി എക്സ്പ്രസുകളും സർവീസ് നടത്തുന്നുണ്ട്. ഈ ട്രെയിനുകളുടെയെല്ലാം ഗുണനിലവാരം ഉയർത്തുന്നത് സാധാരണക്കാരായ യാത്രക്കാർക്കും വലിയ ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

