ട്രെയിൻ തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറിയെന്ന് ഇന്ത്യൻ റെയിൽവേ; സാമൂഹിക വിരുദ്ധർക്ക് പങ്ക്
text_fieldsന്യൂഡൽഹി: രാജ്യത്ത് അടുത്തടുത്തായി നടന്ന ട്രെയിൻ തീപിടിത്തങ്ങളിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ. തീപിടിത്തങ്ങൾ ആകസ്മികമല്ലെന്നും അതിനുപിന്നിൽ വ്യക്തമായ ആസൂത്രണത്തോടെ പ്രവർത്തിച്ച സാമൂഹിക വിരുദ്ധരുടെ പങ്കുണ്ടെന്നും ഇന്ത്യൻ റെയിൽവേ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സാധാരണ ഗതിയിലുണ്ടാകുന്ന ഷോർട്ട് സർക്യൂട്ടോ സാങ്കേതിക തകരാറുകളോ അല്ല ഈ അപകടങ്ങൾക്ക് കാരണമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. തീപിടിത്ത സംഭവങ്ങളിൽ അന്വേഷണം നടത്തിയതിന് ശേഷം അട്ടിമറി ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ അറിയിച്ചു.
രാജസ്ഥാനിലെ അമർപുര സ്റ്റേഷന് സമീപമുണ്ടായ അപകടത്തിൽ ഒരാൾ ലിനൻ കത്തിച്ചതിനെ തുടർന്നാണ് ട്രെയിനിന് തീപിടിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹൗറയിൽ നടന്ന മറ്റൊരു സംഭവത്തിൽ ട്രെയിനിന്റെ ബാത്ത്റൂമിൽനിന്ന് പെട്രോളിൽ മുക്കി തുണി കണ്ടെടുത്തു. കോട്ടയിൽ രാജധാനി എക്സ്പ്രസ് ട്രെയിനിലും തീജ്വാലകൾ ആദ്യം ഉയർന്നത് ടോയ്‍ലറ്റിൽ നിന്നാണെന്നും അധികൃതർ പറയുന്നു.
യാത്രക്കാരുടെ സുരക്ഷക്കാണ് പ്രധാന്യം നൽകുന്നതെന്ന് അറിയിച്ച റെയിൽവേ യാത്രക്കാർ ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും അഭ്യർഥിച്ചു. കൂടാതെ സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ 139 എന്ന നമ്പറിൽ വിളിക്കാനും അറിയിച്ചു. സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ വിശദമായ അന്വേഷണം ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

