കേദാർനാഥ്, ബദരീനാഥ് യാത്ര കൂടുതൽ വേഗത്തിലാകും; 6.59 കിലോമീറ്റർ തുരങ്ക നിർമാണത്തിൽ നിർണ്ണായക നേട്ടവുമായി റെയിൽവേ
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മലയോര മേഖലകളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കിക്കൊണ്ട് കേദാർനാഥ്, ബദരീനാഥ് തീർത്ഥാടന യാത്രകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന പദ്ദതിയുമായി ഇന്ത്യൻ റെയിൽവേ. 125 കിലോമീറ്റർ നീളമുള്ള ഋഷികേശ്-കർണപ്രയാഗ് റെയിൽവേ പദ്ധതിയുടെ ഭാഗമായി 6.59 കിലോമീറ്റർ ദൈർഘ്യമുള്ള 'ടണൽ-14' തുരങ്കത്തിന്റെ നിർമാണത്തിലാണ് റെയിൽവേ നിർണായക മുന്നേറ്റം കുറിച്ചത്. രുദ്രപ്രയാഗ് ജില്ലയിലൂടെ കടന്നുപോകുന്ന ഈ തുരങ്കത്തിന്റെ രണ്ട് ഭാഗങ്ങളും ഇതോടെ തമ്മിൽ ബന്ധിപ്പിക്കാൻ സാധിച്ചു. പോർട്ടൽ-1 സുമേർപൂർ ഭാഗത്തുനിന്ന് 4.7 കിലോമീറ്ററും, പോർട്ടൽ-2 മരോറ ഭാഗത്തുനിന്ന് 1.79 കിലോമീറ്ററും കുഴിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
ഹിമാലയൻ മലനിരകളിലെ ദുഷ്കരമായ ഭൂപ്രകൃതിയിലൂടെയുള്ള ഈ നിർമാണം എഞ്ചിനീയർമാർക്ക് വലിയൊരു വെല്ലുവിളിയായിരുന്നു. പോർട്ടൽ-1 ഭാഗത്ത് ജനവാസ മേഖലകൾക്ക് താഴെയുള്ള അസ്ഥിരമായ മണ്ണിലൂടെ മൂന്ന് ട്രാക്കുകൾക്കായുള്ള തുരങ്കത്തിന്റെ 110 മീറ്റർ ഭാഗം കുഴിക്കേണ്ടി വന്നു. മുകളിൽ 20 മുതൽ 30 മീറ്റർ വരെ കനത്തിൽ മണ്ണും പാറയും ഉണ്ടായിരുന്ന ഈ ഭാഗത്ത് സുരക്ഷ ഉറപ്പാക്കാൻ പ്രീ-എക്സ്കവേഷൻ, മൾട്ടി-ഡ്രിഫ്റ്റിങ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളാണ് പ്രയോഗിച്ചത്.
പോർട്ടൽ-2 ഭാഗത്ത് മണ്ണിടിച്ചിൽ സാധ്യതയും ചെരിവുകളും നിയന്ത്രിക്കാൻ 30 മുതൽ 35 മീറ്റർ വരെ ആഴമുള്ള മൈക്രോപൈലുകളും, 15 മുതൽ 20 മീറ്റർ വരെ നീളമുള്ള റോക്ക് ബോൾട്ടുകളും, കൺസോളിഡേഷൻ ഗ്രൗട്ടിങും ഉപയോഗിച്ചു. മരോറയിലെ ഭൂമി താഴുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഭൂമി-വീട് ഏറ്റെടുക്കൽ നടപടികളും പൂർത്തിയായതിന് ശേഷം 2024 മാർച്ചിലാണ് പ്രധാന തുരങ്ക നിർമാണം ആരംഭിച്ചത്. പോർട്ടൽ-2 ഭാഗത്ത് ഏകദേശം 100 മീറ്റർ ദൂരം യന്ത്രസഹായത്തോടെ കുഴിച്ചെടുക്കുകയും, സമീപത്തെ വീടുകളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് നിയന്ത്രിത സ്ഫോടനങ്ങൾ പകൽ സമയത്ത് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു.
തുരങ്കത്തിനുള്ളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ശുദ്ധവായു ലഭ്യമാക്കുന്നതിനും താപനില നിയന്ത്രിക്കുന്നതിനുമായി പോർട്ടൽ-1 ഭാഗത്തുനിന്നുള്ള 4.7 കിലോമീറ്റർ പാതയിലുടനീളം പ്രത്യേക വെന്റിലേഷൻ സംവിധാനങ്ങളും സജ്ജീകരിച്ചിരുന്നു. ഉത്തരാഖണ്ഡിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറെ പ്രാധാന്യമുള്ള ഈ റെയിൽവേ പദ്ധതി പൂർത്തിയാകുന്നതോടെ തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും പ്രദേശത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. ഒപ്പം, സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വളർച്ചക്കും വലിയ കരുത്തേകുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

