Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒക്ടോബർ 27 മുതൽ കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ് നിർബന്ധമാക്കണം; റെയിൽവേ ബോർഡിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

text_fields
bookmark_border
ഒക്ടോബർ 27 മുതൽ കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ് നിർബന്ധമാക്കണം; റെയിൽവേ ബോർഡിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
cancel

ന്യൂഡൽഹി : ഓൺലൈൻ ടിക്കറ്റുകൾക്ക് പുറമെ റെയിൽവേ കൗണ്ടറിൽ നിന്നും നേരിട്ടെടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ഒക്ടോബർ 27 മുതൽ ഉത്തരവ് നിർബന്ധമായും നടപ്പാക്കണമെന്നും വീഴ്ചയുണ്ടായാൽ റെയിൽവേ ബോർഡ് നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

2023 ജൂണിൽ ഒഡിഷയിലുണ്ടായ ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതി നിർണായക ഇടപെടൽ നടത്തിയത്. അപകടം ഒഴിവാക്കുന്നതിനായി ട്രെയിനുകളിൽ കവച് സുരക്ഷാസംവിധാനം വേഗത്തിൽ നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഹരജിയിലുണ്ടായിരുന്നു. റെയിൽവേ മേൽപാലങ്ങൾ, പാളങ്ങളുടെ വശങ്ങളിൽ വേലികൾ സ്ഥാപിക്കൽ, യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ വിഷയങ്ങളും കോടതി പരിഗണനയിലെടുത്തു.

കൗണ്ടറുകളിൽനിന്ന് ടിക്കറ്റെടുക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യാത്രക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് സംവിധാനം ഒരുക്കാൻ അധികൃതർക്ക് മതിയായ സമയം നൽകിയിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഇക്കാര്യത്തിൽ പുരോഗതിയുണ്ടായില്ല. ഇതോടെയാണ് ഓൺലൈൻ ടിക്കറ്റുകൾക്ക് ലഭിക്കുന്ന അതേ രീതിയിൽ കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ് ഉറപ്പാക്കാൻ ഉത്തരവിട്ടത്.

റെയിൽവേയുടെ സുരക്ഷാ നടപടികളിലെ പുരോഗതിയിലും സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ ആവർത്തിച്ചുപറയുന്നുണ്ടെങ്കിലും അവയിൽ പലതും പേപ്പറിൽ മാത്രമാണ് ഒതുങ്ങുന്നതെന്നും അടിസ്ഥാനതലത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. സുരക്ഷക്കായി ബജറ്റിൽ വകയിരുത്തിയ തുകപോലും പൂർണമായി വിനിയോഗിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

സുരക്ഷാ സംവിധാനങ്ങളുടെ പുരോഗതി വിശദീകരിക്കാൻ റെയിൽവേ ബോർഡ് ചെയർമാനോടും അംഗങ്ങളോടും നേരിട്ട് ഹാജരാകാൻ കോടതി മുമ്പ് നിർദേശിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ നടത്തിയ പ്രവർത്തനങ്ങളും ലക്ഷ്യങ്ങൾ കൈവരിക്കാത്തതിന്റെ കാരണങ്ങളും വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ അഡീഷനൽ സോളിസിറ്റർ ജനറൽ വിക്രംജീത് ബാനർജി രണ്ടാഴ്ചത്തെ സമയം തേടി. ഇതോടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനുള്ള ഉത്തരവ് കോടതി താൽക്കാലികമായി മാറ്റിവെച്ചു.

കേസ് നവംബർ 16ന് വീണ്ടും പരിഗണിക്കും. അതിനുമുമ്പ് സുരക്ഷാ നടപടികളിലെ പുരോഗതി വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കാനും ഇൻഷുറൻസ് ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായാൽ റെയിൽവേ ബോർഡിനായിരിക്കും നേരിട്ടുള്ള ഉത്തരവാദിത്തമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Railway Ticket Insurance Order
Next Story