ഇനി ദിവസവേതനക്കാർ; റെയിൽവേ ഗേറ്റ് ജീവനക്കാരെ പിൻവലിക്കുന്നു
text_fieldsഇന്ത്യൻ റെയിൽവേ
കൊച്ചി: റെയിൽവേ ഗേറ്റുകളിലെ സ്ഥിരം ജീവനക്കാരെ പിൻവലിക്കുന്നു. ഇവരെ മറ്റു ജോലികളിലേക്ക് മാറ്റി ഗേറ്റ് ജോലിക്ക് കരാറടിസ്ഥാനത്തിൽ ദിവസ വേതനക്കാരെ നിയമിക്കും. റെയിൽവേ സുരക്ഷയെത്തന്നെ ബാധിച്ചേക്കാവുന്നതാണ് ഈ നീക്കം. ട്രാക്ക് മാൻ (ഗേറ്റ് മാൻ)/വുമൺ, പോയന്റ്സ് മാൻ തസ്തികകളിൽ ജോലിചെയ്യുന്ന സ്ഥിരംജീവനക്കാരെയാണ് പിൻവലിക്കുന്നത്. പകരം റെയിൽവേയിൽനിന്ന് വിരമിച്ചവരെയും വിമുക്തഭടന്മാരെയും ദിവസവേതനത്തിന് നിയമിക്കും. കേരളത്തിൽ മാത്രം രണ്ട് റെയിൽവേ ഡിവിഷനിലായി 850ഓളം ജീവനക്കാർ ഈ തസ്തികകളിലുണ്ട്. രാജ്യവ്യാപകമായി പതിനായിരക്കണക്കിന് ജീവനക്കാരും.
സ്റ്റേഷൻ സിഗ്നൽ പരിധിക്കകത്ത് ജോലി ചെയ്യുന്നവരാണ് പോയന്റ്സ്മാന്മാർ. ട്രാക്ക്മാൻ/വുമൺ തസ്തികയിൽ ഏറെയും വനിതകളാണ്. ഇവരെയെല്ലാം മറ്റ് ഒഴിവുകളിലേക്ക് മാറ്റും. വിമുക്തഭടന്മാർക്ക് റെയിൽവേയിൽ ജോലി സംവരണമുണ്ട്. 12 വർഷത്തോളമായി ഇതിൽ നിയമനം നടത്താതെയാണ് ഇപ്പോൾ ദിവസ വേതനക്കാരായി പരിഗണിക്കുന്നത്. ജോലി കാത്തിരിക്കുന്ന യുവാക്കൾക്കും ഈ നടപടി പ്രതികൂലമാണ്. സ്ഥിരംജീവനക്കാരെപ്പോലെ കരാർ/ദിവസ വേതനക്കാർക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നതിനാലാണ് സുരക്ഷയെ സാരമായി ബാധിക്കുമെന്ന ആശങ്ക.
ലോക്കോ പൈലറ്റ് ഉൾപ്പെടെ തസ്തികയിൽ രാജ്യത്താകെ റെയിൽവേയിൽ 2.80 ലക്ഷത്തോളം ഒഴിവുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിലേക്ക് സ്ഥിരംനിയമനം നടത്താതെ വിരമിച്ചവരെ കരാറടിസ്ഥാനത്തിൽ നിയമിച്ചുതുടങ്ങിയിട്ടുണ്ട്. നിയമനാധികാരം ഡിവിഷൻതലത്തിലേക്ക് കൈമാറിയെങ്കിലും വേണ്ടത്ര ആളുകളെ കിട്ടാത്തതിനാൽ അഡീഷനൽ ഡിവിഷൻതലത്തിലേക്ക് നൽകിയിട്ടുണ്ട്. ഇതുവഴി പ്രാദേശികതലത്തിൽ വിരമിച്ചവരെ കിട്ടുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

