കശ്മീരിലെ ചെനാബ് നദിയിലെ പാലത്തിന് ഈഫൽ ടവറിനേക്കാൾ കൂടുതൽ ഉയരം
text_fieldsശ്രീനഗർ: കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലം ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പാലം എന്നായിരിക്കും അറിയപ്പെടുക . നദിയിൽ നിന്നും 359 മീറ്റർ ഉയരത്തിലാണ് ഈ പാലം. അതായത് പാരിസിലെ ഈഫൽ ടവറിനേക്കാൾ ഒൻപത് മീറ്റർ ഉയരക്കൂടുതലുണ്ട് ഈ പാലത്തിന് എന്നർഥം.
കശ്മീരിലെ റീസി ജില്ലയിൽ കത്ര-ബനിഹാൾ റൂട്ടിലുള്ള റെയിൽവെ പാലം 2019ൽ പണി കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 66 ശതമാനം ജോലികളും പൂർത്തിയായിക്കഴിഞ്ഞു. 1.3 കി.മീ നീളമുള്ള പാലത്തിന് 1,250 കോടി രൂപയാണ് നിർമാണ ചിലവ്. 1,300 ഓളം തൊഴിലാളികളും 300ഓളം എൻജിനീയർമാരുമാണ് 2019ൽ പാലം പണി പൂർത്തിയാക്കാനായി ജോലി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കൊങ്കൺ റെയിൽവെ ചീഫ് എൻജിനീയർ ആർ.കെ. സിങ് പറഞ്ഞു.
100 കി.മീ വേഗതയുള്ള കാറ്റ് അടിക്കാൻ സാധ്യതയുള്ള പ്രദേശമായതിനാൽ പാലം മറ്റൊരിടത്തേക്ക് മാറ്റി നിർമിക്കുന്നതിനെക്കുറിച്ച് റെയിൽവെയുടെ സാങ്കേതിക വിദഗ്ധർ നേരത്തേ ആലോചിച്ചിരുന്നു എങ്കിലും പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനത്തിന്‍റെ സഹായത്തോടെ കാറ്റിന്‍റെ ഗതിയും വേഗതയും തിരിച്ചറിയാൻ സാധിക്കും. അതിനാൽ വേഗതയേറിയ കാറ്റടിക്കുന്ന സമയങ്ങളിൽ ഇതിലൂടെയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെക്കാനാണ് ഉദ്ദേശിക്കുന്നത്. നിർമാണത്തിലിരിക്കുന്ന പാലത്തിന് 120 വർഷം നിലനിൽക്കാനാവുമെന്നും 260 കി.മീവേഗതയുള്ള കാറ്റിനെപോലും അതിജീവിക്കാനുള്ള ശേഷിയുണ്ടെന്നും റെയിൽവെ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
