റായ്ഗഢ് കെട്ടിടദുരന്തം: ഒാക്സിജൻ മാസ്ക്കിൽ അതിജീവിച്ച് 60കാരി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഢിൽ അഞ്ചുനില കെട്ടിടം തകർന്ന് 26 മണിക്കൂറിനുശേഷം അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 60കാരിയെ ജീവനോടെ പുറത്തെടുത്തു. മെഹ്റുന്നിസ അബ്ദുൽ ഹാമിദ് കാസിയെയാണ് ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും ചേർന്ന് ചൊവ്വാഴ്ച രാത്രി പുറത്തെടുത്തത്. സിമൻറ്, സ്റ്റീൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു.
ഒാക്സിജൻ മാസ്ക്കാണ് മെഹ്റുന്നിസക്ക് തുണയായത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് നാലു വയസ്സുകാരൻ മുഹമ്മദ് ബാൻഗിയെയും കഴിഞ്ഞ ദിവസം ജീവനോടെ പുറത്തെടുത്തിരുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി നാലു പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തതോടെ കെട്ടിടദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. മരിച്ചവരിൽ ഏഴു പേർ സ്ത്രീകളാണ്. 36 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം ബുധനാഴ്ച ഉച്ചക്ക് 11.30ഒാടെ അവസാനിപ്പിച്ചു. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കൺസൽട്ടൻറ് ബാഹുബലി ധമാനെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി ഞായറാഴ്ചവരെ റിമാൻഡ് ചെയ്തു.

