ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ, മക്കൾ നീതിമയ്യം ഉൾപ്പെടെ വിവിധ കക്ഷി നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും കേന്ദ്ര ഏജൻസികളായ ആദായനികുതി-ഇ.ഡി അധികൃതരുടെ മിന്നൽ പരിശോധന തുടരുന്നു.
അതേസമയം, ഭരണകക്ഷികളായ ബി.ജെ.പി-അണ്ണാ ഡി.എം.കെ കേന്ദ്രങ്ങൾ പൊലീസ്-ആംബുലൻസ് വാഹനങ്ങളിൽ കോടികളുടെ കറൻസിയും മറ്റും കടത്തിക്കൊണ്ടുപോകുന്നതായും ആരോപണമുയർന്നിട്ടുണ്ട്.
അതിനിടെ, നടനും മക്കൾ നീതിമയ്യം പ്രസിഡൻറുമായ കമൽ ഹാസൻ യാത്രചെയ്തിരുന്ന വാഹനം തഞ്ചാവൂരിൽവെച്ച് തടഞ്ഞുനിർത്തി തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പരിശോധിച്ചതും വിവാദമായി. പ്രതിപക്ഷത്തെ മാത്രം ലക്ഷ്യംവെച്ചു കേന്ദ്ര ഏജൻസികൾ നടത്തുന്ന റെയ്ഡുകൾക്കെതിരെ നേതാക്കൾ ശക്തിയായി പ്രതിഷേധിച്ചു.
തിങ്കളാഴ്ച രാത്രി കമൽ ഹാസെൻറ പ്രചാരണ വാഹനത്തിനകത്തു കയറി ഉദ്യോഗസ്ഥർ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല. നാഗപട്ടണത്തും തിരുപ്പൂണ്ടിയിലും നടെൻറ വാഹനം പരിശോധിച്ചിരുന്നു. കമൽ ഹാസെൻറ തെരഞ്ഞെടുപ്പ് പ്രചാരണ മുന്നേറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് നാടകമെന്ന് നീതിമയ്യം സെക്രട്ടറി മുരളി അബ്ബാസ് അറിയിച്ചു.
വ്യവസായിയും കമൽ ഹാസനുമായി അടുത്ത ബന്ധമുള്ള തിരുച്ചി കെ.കെ നഗർ തെൻറൽ നഗർ ലേറോൺ മൊറൈസിെൻറ വസതിയിലും സ്ഥാപനങ്ങളിലും ആദായനികുതി അധികൃതർ പരിശോധന നടത്തി. കോടികളുടെ കറൻസിയും രേഖകളും പിടിച്ചെടുത്തതായാണ് വിവരം.