കോൺഗ്രസ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുമ്പോൾ ‘വോട്ട് ചോരി’ പ്രചാരണം കടുപ്പിക്കാൻ രാഹുൽ
text_fieldsന്യൂഡൽഹി: നിരവധി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ‘വോട്ട് ചോർ’ പ്രചാരണം കടുപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നീക്കം. പാർട്ടി പ്രവർത്തകരോട് ജാഗ്രത പാലിക്കാനും നരേന്ദ്ര മോദി സർക്കാറിന്റെ വോട്ട് മോഷണം തുറന്നുകാട്ടാനും കഴിഞ്ഞ ദിവസം റായ് ബറേലിയിലെ ഹർച്ചന്ദ്പൂരിൽ നടന്ന ബൂത്ത് ലെവൽ കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തിൽ രണ്ട് ദിവസത്തെ പര്യടനത്തിലാണ് രാഹുൽ.
‘മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അവകാശങ്ങളെക്കുറിച്ച് ബോധമില്ലാത്ത ദരിദ്രരായ ജനങ്ങളുടെ വോട്ട് അവർ മോഷ്ടിക്കുകയാണെണ്ന്ന് ഞങ്ങൾ മനസ്സിലാക്കി. നിങ്ങൾ ജാഗ്രത പാലിക്കുകയും സർക്കാറിനെ തുറന്നുകാട്ടുകയും വേണം. നമ്മുടെ ‘വോട്ട് ചോർ, ഗഡ്ഡി ഛോഡ്’ പ്രചാരണത്തിന്റെ വ്യാപ്തി വർധിപ്പിക്കേണ്ടതുണ്ട്’ -ലോക്സഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിഹാറിൽ ആരംഭിച്ച ഈ പ്രചാരണം തീ പോലെ പടരുകയാണെന്നും അതുകൊണ്ടാണ് അവർ അസ്വസ്ഥരാകുന്നതെന്നും രാഹുൽ പറയുകയുണ്ടായി.
പ്രചാരണത്തിന്റെ കാൻവാസ് വിശാലമാക്കുമോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ‘എനിക്ക് കുറച്ച് സമയം തരൂ, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം’ എന്നായിരുന്നു രാഹുലിന്റെ പുഞ്ചിരോടെയുള്ള മറുപടി. ‘രാജ്യമെമ്പാടും സർക്കാർ വോട്ടുകൾ മോഷ്ടിക്കുകയാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. യഥാർഥ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തുകൊണ്ടാണത്. കൂടുതൽ നാടകീയമായ രീതിയിൽ ഞങ്ങളത് വീണ്ടും വീണ്ടും തെളിയിക്കു’മെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുൽ, സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നിവരുടെ പോസ്റ്ററുകൾ രാഹുലിന്റെ മണ്ഡലത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. പോസ്റ്റർ നിർമാണ സംരംഭത്തിന്റെ ഭാഗമായ അഭിഭാഷകനും സമാജ്‌വാദി പാർട്ടി യുവജന വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായ രാഹുൽ നിർമാൽ ബാഗി, അഖിലേഷിന്റെയും തേജസ്വിയുടെയും സുഹൃത്തായി രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരു സിഗ്നലായി ഇതിനെ വിശേഷിപ്പിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് അവരുടെ യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാനും ബി.ജെ.പിയെയും സഖ്യകക്ഷികളെയും നിരസിക്കാനുമുള്ള സന്ദേശം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ നേതാവിനെ സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുന്ന കോൺഗ്രസ് പ്രവർത്തകരിൽ ഈ പോസ്റ്റർ ആവേശം പകർന്നു. രാഹുൽ പോവുന്ന വഴിയിൽ പലയിടങ്ങളിലും മാലകളുമായി അവർ ഒത്തുകൂടി. രാഹുലിനുവേണ്ടിയും ബി.ജെ.പി സർക്കാറിനെതിരെയും മുദ്രാവാക്യങ്ങൾ വിളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

