ജോഡോ യാത്രയിൽ താരമായി രാഹുലിന്റെ അപരൻ
text_fieldsഫൈസൽ ചൗധരി രാഹുൽ ഗാന്ധിയോടൊപ്പം
ജമ്മു: ഭാരത് ജോഡോ യാത്രയിലെത്തുന്നവർക്ക് രാഹുൽ ഗാന്ധിയെ കാണാൻ സാധിച്ചില്ലെങ്കിൽ തന്നെ കണ്ടാൽ മതിയെന്ന് ഫൈസൽ ചൗധരി പറയുമ്പോൾ അയാൾക്ക് വട്ടാണെന്ന് കേൾക്കുന്നവർക്ക് തോന്നാം. എന്നാൽ, യാത്രക്കിടെ ചൗധരിയെ കണ്ടവർക്ക് അങ്ങനെ തോന്നില്ല. രാഹുൽ ഗാന്ധിയെ കണ്ടതുപോലെ തന്നെയേ തോന്നൂ. രാഹുലിന്റെ അപരനാണ് ഉത്തർപ്രദേശ്-ഡൽഹി അതിർത്തിയായ ഭാഗ്പതിൽനിന്ന് ജനുവരി അഞ്ചിന് ജോഡോ യാത്രയിൽ ചേർന്ന ചൗധരി.
‘രാഹുൽ ഗാന്ധിയെ പോലെ തോന്നിക്കുന്നതിനാൽ ആളുകൾ എന്നെ കാണാൻ വരുകയും ഒപ്പംനിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്യുന്നത് ഏറെ സന്തോഷം പകരുന്നു. രാഹുൽ ഗാന്ധിയോടുള്ള ഇഷ്ടമാണ് ആളുകളെ എന്നോട് അടുപ്പിക്കുന്നതെന്ന് അറിയാം’ -ചൗധരി പറഞ്ഞു.
ഉത്തർപ്രദേശ് മീറത്തിലെ സങ്കത് സ്വദേശിയായ ചൗധരി കോൺഗ്രസ് പ്രവർത്തകനാണ്. ‘പാർട്ടി പ്രവർത്തകനായ എന്റെ മുഖം പാർട്ടി നേതാവിന്റേതുപോലെ തോന്നിക്കുന്നതിൽ അഭിമാനം തോന്നാറുണ്ട്. എക്കാലവും രാഹുൽ ഗാന്ധിയുടെ അനുയായി ആയിരിക്കും ഞാൻ’ -ചൗധരി കൂട്ടിച്ചേർത്തു.
രാഹുലിനെ പോലെ താടിവളർത്തുന്ന ചൗധരി നേതാവിനെ അനുകരിച്ച് വെളുത്ത ടീഷർട്ട് ധരിച്ചാണ് യാത്രയിൽ പങ്കെടുക്കുന്നത്. യാത്ര അവസാനത്തിലേക്കടുക്കുമ്പോൾ രാഹുൽ കഴിഞ്ഞാൽ കൂടുതൽ ആരാധകരുള്ള യാത്രികനായി മാറിയിരിക്കുകയാണ് ഫൈസൽ. ഈമാസം 30ന് ശ്രീനഗറിലാണ് യാത്ര അവസാനിക്കുന്നത്.