‘ഒരു ദലിതനാവുക എന്നത് ഇപ്പോഴും ഈ രാജ്യത്ത് മാരക കുറ്റകൃത്യമാണോ?’: യു.പിയിൽ തല്ലിക്കൊന്ന ഹരിഓം വാൽമീകിയുടെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ
text_fieldsലക്നോ: റായ്ബറേലിയിൽ മോഷ്ടാവെന്നാരോപിച്ച് ഗ്രാമവാസികൾ തല്ലിക്കൊന്ന ഹരിഓം വാൽമീകി എന്ന ദലിത് ഗ്രാമീണന്റെ കുടുംബത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ക്രൂരമായ കൊലപാതകം രാജ്യത്തിന്റെ മുഴുവൻ മനഃസ്സാക്ഷിയെയും പിടിച്ചുലച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താൻ ഉത്തർപ്രദേശ് സർക്കാർ ശ്രമിച്ചു. ദലിതരെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.
ഫത്തേപൂർ ജില്ലയിൽ താമസിക്കുന്ന കുടുംബത്തോടൊപ്പം രാഹുൽ അര മണിക്കൂറോളം ചെലവഴിച്ചു. ഹരിഓമിന്റെ പിതാവ് ഗംഗാദീൻ, സഹോദരൻ ശിവം, സഹോദരി കുസുമം എന്നിവരുമായി രാഹുൽ സംസാരിച്ചു. അനുശോചനവും പിന്തുണയും അറിയിച്ചു. അവരെ ചേർത്തു നിർത്തുകയും ആശ്ലേഷിക്കുകയും ചെയ്തു.
ഹരിഓം വാൽമീകിയുടെ ക്രൂരമായ കൊലപാതകം മുഴുവൻ രാജ്യത്തിന്റെയും മനസ്സാക്ഷിയെ പിടിച്ചുലച്ചു. വേദനക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കണ്ണുകളിൽ ഒരു ചോദ്യമുണ്ടായിരുന്നു. ‘ഒരു ദലിതനാകുന്നത് ഇപ്പോഴും ഈ രാജ്യത്ത് മാരകമായ കുറ്റകൃത്യമാണോ?’ എന്നതാണതെന്നും രാഹുൽ പറഞ്ഞു.
യു.പിയിലെ യോഗി ഭരണകൂടം ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന തിരക്കിലാണ്. കുടുംബം എന്നെ കാണുന്നത് തടയാൻ പോലും അവർ ശ്രമിച്ചു. ഇത് വ്യവസ്ഥയുടെ പരാജയമാണ്. അത് എല്ലായ്‌പ്പോഴും കുറ്റവാളികളെ സംരക്ഷിക്കുകയും ഇരയെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുന്നു. നീതിയെ തടങ്കലിലടക്കാൻ കഴിയില്ല. ഇരയുടെ കുടുംബത്തിനുമേലുള്ള സമ്മർദം ബി.ജെ.പി സർക്കാർ അവസാനിപ്പിക്കണമെന്നും കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
‘ഹരിഓം വാൽമീകിയുടെ കുടുംബത്തോടൊപ്പം ഞാൻ ഉറച്ചുനിൽക്കുന്നു. രാജ്യത്തെ ചൂഷിതരും, നിരാലംബരും, ദുർബലരുമായ എല്ലാ പൗരന്മാർക്കും ഒപ്പം ഉറച്ചുനിൽക്കുന്നു. ഈ പോരാട്ടം ഹരിഓമിന് വേണ്ടി മാത്രമല്ല. അനീതിക്ക് വഴങ്ങാൻ വിസമ്മതിക്കുന്ന ഓരോ ശബ്ദത്തിനും വേണ്ടിയാണ്’ -അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ഒന്നിനാണ് ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഹരി ഓം എന്ന ദലിത് യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നത്. ഡ്രോൺ മോഷ്ടാവെന്നാരോപിച്ചായിരുന്നു അത്. യാതൊരു ദയയുമില്ലാതെ തല്ലിച്ചതച്ചതിനു ശേഷം അവശനായ യുവാവിനെ റെയിൽവേ ട്രാക്കിനു സമീപം ഉപേക്ഷിക്കുകയും ചെയ്തു. അവിടെ വെച്ചായിരുന്നു യുവാവിന്റെ അന്ത്യവും. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമികളിൽ ദലിത്/മറ്റ് പിന്നാക്ക വിഭാഗക്കാരും ഉൾപെട്ടിട്ടുണ്ട്. മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. ഹരി ഓമിന്റെ കൊലപാതകത്തോടെ ഇന്ത്യയിൽ ജാതീയ കലാപവും ആൾക്കൂട്ട കൊലപാതകങ്ങളും വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

