രാഹുലിന് ആരോഗ്യപ്രശ്നം; പ്രചാരണത്തിന്റെ ചുമതല പ്രിയങ്കയെ ഏൽപ്പിക്കണമെന്ന് ഡൽഹി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോഗ്യപ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നതിനിടെ പ്രിയങ്ക ഗാന്ധിയെ ഡൽഹി തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ചുമതല ഏൽപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം. ആരോഗ്യപ്രശ്നങ്ങൾ മൂലം ഡൽഹിയിൽ നടന്ന രണ്ട് റാലികളിൽ പങ്കെടുക്കാൻ രാഹുലിന് കഴിഞ്ഞിരുന്നില്ല. ഈയൊരു സാഹചര്യത്തിൽ പ്രചാരണത്തിന്റെ ചുമതല പ്രിയങ്കയെ ഏൽപ്പിക്കണമെന്നാണ് ആവശ്യം.
ഡൽഹിയിലെ മുസ്തഫബാദിൽ നിശ്ചയിച്ചിരുന്ന റാലിയിൽ വ്യാഴാഴ്ച രാഹുലിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച മാദിപൂരിലാണ് രാഹുൽ ഗാന്ധി റാലി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ രാഹുൽ പങ്കെടുക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഉറപ്പായിട്ടില്ല. ഡൽഹിയിലെ റാലികൾക്ക് പുറമേ ബൽഗാവിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലും രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നില്ല.
ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിന്റെ ചുമതല പ്രിയങ്ക ഗാന്ധിയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ സമീപിക്കുകയായിരുന്നു. ഡൽഹിയിൽ ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. മുൻവർഷങ്ങളെ പോലെ ഡൽഹിയിൽ ഇക്കുറിയും ത്രികോണ മത്സരമാണ് നടക്കുന്നത്.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പിയും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നേരിട്ടാണ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്. ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും കോൺഗ്രസും എ.എ.പിയും തമ്മിൽ പരസ്പരം പോരടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

