പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശരദ് പവാറിനൊപ്പം രാഹുല്‍ കൈകോര്‍ക്കണം -ശിവസേന
text_fieldsമുംബൈ: ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചുകൊണ്ടുവരാന്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനൊപ്പം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൈകോര്‍ക്കണമെന്ന് ശിവസേന. കേന്ദ്രത്തെയും അതിന്റെ നയങ്ങളെയും രാഹുല്‍ നിരന്തരം വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍, അത് ട്വിറ്ററിലൂടെയാണെന്ന് മാത്രം. എല്ലാ പ്രതിപക്ഷ കക്ഷികളേയും ഒന്നിച്ചു നിര്‍ത്തി ബി.ജെ.പിയെ നേരിടണം -ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഒത്തുകൂടിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഈ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനിന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ശിവസേനയുടെ അഭിപ്രായ പ്രകടനം. മഹാരാഷ്ട്രയില്‍ ശിവസേനയുടെ സഖ്യകക്ഷികളാണ് കോണ്‍ഗ്രസും എന്‍.സി.പിയും.
ശരദ് പവാറിന് എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒരുമിച്ച് കൊണ്ടുവരാനാകും. എന്നാല്‍, ഒരു നേതൃത്വം ആവശ്യമാണ്. ദേശീയ അധ്യക്ഷന്‍ പോലുമില്ലാത്ത കോണ്‍ഗ്രസിന് നേതൃത്വം ഏറ്റെടുക്കാനാകുമോയെന്ന് സാമ്‌നയിലെ ലേഖനത്തില്‍ ചോദിക്കുന്നു. യു.പി.എ എന്നൊരു സഖ്യമുണ്ട്. എന്നാല്‍, രാജ്യത്തിന് ശക്തമായൊരു പ്രതിപക്ഷമുണ്ടോ. ഈ ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്ന കൂടിക്കാഴ്ചയാണ് യഥാര്‍ഥ പ്രതിപക്ഷത്തെ കാണിക്കുന്നത് -കോണ്‍ഗ്രസിന് നേരെ വിമര്‍ശനമുയര്‍ത്തി ശിവസേന പറയുന്നു.
കാര്യങ്ങള്‍ കൈയില്‍ നിന്നു പോയി എന്ന് മനസിലായിട്ടും മോദിക്ക് ഭയമില്ലാത്തത് ജനങ്ങളുടെ രോഷമല്ലാതെ തങ്ങള്‍ക്ക് നേരെ ഉയരാന്‍ ഒരു പ്രതിപക്ഷം പോലും ഇല്ല എന്ന യാഥാര്‍ഥ്യമാണെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു.
എട്ട് പ്രതിപക്ഷ പാര്‍ട്ടികളാണ് കഴിഞ്ഞ ദിവസം ശരദ് പവാറിന്റെ വസതിയില്‍ യോഗം ചേര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി, എന്‍.സി.പി, നാഷണല്‍ കോണ്‍ഫറന്‍സ്, ആര്‍.എല്‍.ഡി, എസ്.പി, സി.പി.ഐ, സി.പി.എം കക്ഷികള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

