ലണ്ടൻ: ഇന്ത്യൻ ജനാധിപത്യത്തിനേൽക്കുന്ന വിള്ളൽ ലോകത്തെ ബാധിക്കുമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെച്ചൊല്ലി വിവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിദ്വേഷം കാരണം രാഹുൽ ഇന്ത്യക്ക് ക്ഷതമേൽപിക്കുകയാണെന്ന് ബി.ജെ.പി പ്രതികരിച്ചു. അതേസമയം, രാഹുലിനെ പിന്തുണച്ച് മഹാരാഷ്ട്രയിലെ സഖ്യകക്ഷി ശിവസേന രംഗത്തെത്തി.
പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മ ലണ്ടനിൽ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ രൂക്ഷ പരാമർശങ്ങൾ. പാകിസ്താനിലെപ്പോലെ ഇന്ത്യയിലെ 'ഡീപ് സ്റ്റേറ്റും' സി.ബി.ഐ, ഇ.ഡി അന്വേഷണ ഏജൻസികളും ചേർന്ന് രാജ്യത്തെ ചവച്ചരക്കുകയും വിഴുങ്ങുകയുമാണ് -രാഹുൽ പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഒരു കമ്പനിതന്നെ നിയന്ത്രിക്കുന്നത് തീർത്തും അപകടകരമാണ്. രാജ്യമെങ്ങും മണ്ണെണ്ണ ഒഴിക്കുകയാണ് ബി.ജെ.പി. ഒരൊറ്റ തീപ്പൊരി മതി, നമ്മൾ വൻ കുഴപ്പത്തിലകപ്പെടാൻ. അപകടകരമായ ഈ താപനില താഴ്ത്തണം -രാഹുൽ ആവശ്യപ്പെട്ടു.
ശബ്ദങ്ങളെ ഒച്ചയുണ്ടാക്കി നിശ്ശബ്ദമാക്കാനും ശ്വാസം മുട്ടിക്കാനുമാണ് ബി.ജെ.പിയുടെ ശ്രമം. 'എനിക്ക് കേൾക്കണം' എന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിക്കേണ്ടത്. പക്ഷേ, നമ്മുടെ പ്രധാനമന്ത്രി ഒന്നും കേൾക്കുന്നില്ല. ഇന്ത്യയിലെ ജനാധിപത്യം ലോകനന്മക്ക് വേണ്ടിയുള്ളതാണ്. അതിന് വിള്ളൽ സംഭവിച്ചാൽ ലോകത്തെ മുഴുവൻ അതു ബാധിക്കും. ഇന്ത്യൻ വിദേശകാര്യ സർവിസിനെതിരെയും രാഹുൽ ആരോപണം ഉന്നയിച്ചു. 'യൂറോപ്പിലെ ചില ബ്യൂറോക്രാറ്റുകളുമായി സംസാരിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ സർവിസ് ഏറെ മാറിയെന്നാണ് അവർ പറയുന്നത്. ഉദ്യോഗസ്ഥർ ആരെയും കേൾക്കുന്നില്ല. അവർ അഹങ്കാരികളായിരിക്കുന്നു.'' -രാഹുൽ ആരോപിച്ചു.
രാഹുലിന്റെ പരാമർശങ്ങളിൽ മറുപടിയുമായി വിദേശകാര്യമന്ത്രി തന്നെ രംഗത്തെത്തി. ''അതെ. ഇന്ത്യൻ വിദേശകാര്യ സർവിസ് മാറിയിട്ടുണ്ട്. ദേശതാൽപര്യം സംരക്ഷിക്കുകയെന്നാണ് അതിന് പറയുക. സർക്കാറിന്റെ ഉത്തരവുകളാണ് അവർ പിന്തുടരുന്നത്. മറ്റുള്ളവരുടെ വാദങ്ങളെ അവർ നേരിടാറുമുണ്ട്. പക്ഷേ, അത് അഹങ്കാരമല്ല. ആത്മവിശ്വാസമാണ്.'' -ജയശങ്കർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയോടുള്ള വിദ്വേഷത്താൽ രാഹുൽ വിദേശ മണ്ണിൽനിന്ന് രാജ്യത്തിന് ക്ഷതമേൽപിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. '84ലെ സിഖ് വിരുദ്ധ കലാപം കോൺഗ്രസാണ് മണ്ണെണ്ണയുമായി നടന്ന് ആളിക്കത്തിച്ചത്. പ്രതീക്ഷ നഷ്ടപ്പെട്ട കോൺഗ്രസിന്റെ പക്വതയില്ലാത്ത പാർട് ടൈം നേതാവാണ് രാഹുലെന്നും ഭാട്ടിയ ആരോപിച്ചു.
ബി.ജെ.പിയുടെ വിമർശനത്തിന് പിന്നാലെ രാഹുലിന് പിന്തുണയുമായി ശിവസേന രംഗത്തെത്തി. മറ്റൊരു ശൈലിയിൽ തങ്ങൾ ഉന്നയിച്ച കാര്യങ്ങൾതന്നെയാണ് രാഹുലും പറഞ്ഞതെന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം.