രാഹുലും പ്രിയങ്കയും മക്കളെപ്പോലെ; രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ്
text_fieldsഷിംല: രാഹുൽ ഗാന്ധിക്കെതിരായ പരാമർശം വിവാദമായതോടെ വിശദീകരണവുമായി ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്. രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും തനിക്ക് മക്കളെപ്പോലെയാണെന്നും കോൺഗ്രസ് നേതൃത്വത്തെയും ഗാന്ധി കുടുംബത്തെയും അവഹേളിക്കുന്ന ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും പ്രതിഭ ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധി കൂടുതൽ പാർട്ടിക്ക് വേണ്ടി സമയം ചെലവിടുന്നില്ലെന്ന് ഒരു അഭിമുഖത്തിനിടെ പ്രതിഭ പറഞ്ഞത് വിവാദമായിരുന്നു.
'ഈയിടെ ഒരു അഭിമുഖത്തിൽ പാർട്ടിയെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. എന്നാൽ എന്‍റെ പല പ്രസ്താവനകളും ദുർവാഖ്യാനം ചെയ്യപ്പെട്ടു. രാഹുലും പ്രയങ്ക ഗാന്ധിയും എനിക്ക് മക്കളെപ്പോലെയാണ്. ഞാനെന്‍റെ കുട്ടികൾക്ക് എന്തെങ്കിലും ഉപദേശം നൽകിയാൽ തെറ്റിദ്ധരിക്കുകയോ അതിന് മറ്റൊരു അർഥം നൽകുകയോ ചെയ്യരുത്' - ട്വീറ്റ് ചെയ്ത വിഡിയോയിൽ പ്രതിഭ സിങ് പറഞ്ഞു.
ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി അന്തരിച്ച വീർഭദ്ര സിങിന്‍റെ ഭാര്യയാണ് പ്രതിഭാ സിങ്. രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിന് പിന്നാലെ പ്രതിഭ ഗാന്ധികുടുംബത്തെ അപമാനിച്ചെന്നാരോപിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. അഭിമുഖത്തിൽ, വരാനിരിക്കുന്ന കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാതിരുന്ന പ്രതിഭ എന്നാൽ ഗാന്ധി കുടുംബം പാർട്ടിക്കുവേണ്ടി ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

