‘ഭക്തർ വഞ്ചിക്കപ്പെട്ടു’ -രാമക്ഷേത്ര കൊള്ളയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി, ഖാർഗെ
text_fieldsരാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര കൊള്ളയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ക്ഷേത്ര നിർമാണത്തിനും മറ്റു പ്രവർത്തനങ്ങൾക്കുമായി വിശ്വാസത്തോടെ സംഭാവന നൽകിയ ഭക്തർ വഞ്ചിക്കപ്പെട്ടിരിക്കയാണെന്നും സംഭവത്തിൽ വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ടെന്നും ഇരുവരും ഒപ്പുവെച്ച കത്തിൽ ആവശ്യപ്പെട്ടു.
ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആവശ്യം. ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് സുതാര്യമായ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണം. ആവശ്യമായ നഷ്ടപരിഹാരവും പരിഹാര നടപടികളും ഉറപ്പാക്കണമെന്നും കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ക്ഷേത്രത്തിൽ ലഭിച്ച സംഭാവനകളിൽ തട്ടിപ്പ് നടന്നെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സംഭാവന കൈകാര്യം ചെയ്യുന്ന സംവിധാനത്തിൽ നിരവധി വീഴ്ചകൾ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നിരീക്ഷണ സംവിധാനങ്ങളിലും നടപടിക്രമങ്ങളിലും പാളിച്ചകളുണ്ടായി.
അതേസമയം, അയോധ്യ കേസിൽ 2019ൽ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പൂർണാർഥത്തിൽ നടപ്പാക്കണമെന്ന ആവശ്യവുമായി ഹൈന്ദവ സന്യാസി സംഘടനയായ നിർമോഹി അഖാര സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വിധിയിൽ നിർദേശിച്ച പ്രകാരം ക്ഷേത്ര ഭരണത്തിൽ അഖാരക്ക് അർഹമായ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കണമെന്നും നിലവിലെ ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്നുമാണ് ആവശ്യം.
സന്യാസി സമൂഹത്തിന്റെ പരമ്പരാഗതമായ അവകാശങ്ങൾ ഹനിക്കപ്പെട്ടുവെന്ന് അവർ ചൂണ്ടിക്കാട്ടി. അഖാഡയുടെ സർപഞ്ച് മഹന്ത് രാജാ രാമചന്ദ്രാചാര്യ അതീത് ഗുരു മഹന്ത് രഘുനാഥ് ദാസ്ജി മഹാരാജ് വഴിയാണ് സുപ്രീംകോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

