നിരാഹാരം അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ സഹായം തേടിയിരുന്നു; അനുകൂല പ്രതികരണമുണ്ടായില്ലെന്ന് സോനം വാങ്ചുക്
text_fieldsന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചേർച്ചയെ തുടർന്ന് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സഹായം തേടിയിരുന്നെന്ന് സോനം വാങ്ചുക്. ഇതിനായി തന്റെ ഭാര്യ ഗീതാഞ്ജലി അങ്മോ ശ്രമിച്ചിരുന്നതായും എന്നാൽ അവിടെ നിന്നും അനുകൂലമായ പ്രതികരണമൊന്നും ലഭിച്ചില്ലെന്നും സോനം വാങ്ചുക് കുറ്റപ്പെടുത്തി. സമരത്തിന് ശേഷം 'ഇന്ത്യാ ടുഡേ'ക്ക് നൽകിയ ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് സോനം വാങ്ചുകിന്റെ ഭാര്യ നടത്തിയ ചില പരാമർശങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞാൻ നിരാഹാരം അവസാനിപ്പിക്കുന്നത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയിലൂടെ ആകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഗീതാഞ്ജലി അതിനായി ശ്രമിക്കുകയും ചെയ്തിരുന്നു. അവൾ രാഹുലിന് എതിരായിരുന്നില്ല. രാഹുൽ ഗാന്ധി എന്റെ നിരാഹാരം അവസാനിപ്പിക്കാൻ സഹായിക്കുമോ എന്ന് അറിയാൻ അവൾ കഠിനമായി പരിശ്രമിച്ചു. എന്നാൽ അവിടെനിന്ന് അനുകൂലമായ പ്രതികരണമൊന്നും ലഭിച്ചില്ല," - സോനം വാങ്ചുക് പറഞ്ഞു.
ഭാര്യ ഗീതാഞ്ജലി കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചതിന് പിന്നിൽ ഈ നിരാശയാണുള്ളതെന്നും വാങ്ചുക് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ചില സമരരീതികളെ ചോദ്യം ചെയ്തതിന്റെ പേരിൽ സൈബർ ഇടങ്ങളിൽ അവർക്കെതിരെ വലിയ തോതിലുള്ളാക്രമണങ്ങളും ട്രോളുകളും നടന്നിരുന്നു. ബി.ജെ.പിക്കെതിരെയും മറ്റ് ഹിന്ദുത്വ സംഘടനകൾക്കെതിരെയും തങ്ങൾ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവരിൽ നിന്നൊന്നും അല്ലാത്ത വിധത്തിലുള്ള പ്രതികരണങ്ങളാണ് കോൺഗ്രസ് അനുകൂലികളിൽ നിന്ന് ഉണ്ടായതെന്നും, രാഷ്ട്രീയ നേതൃത്വങ്ങൾ ഇത്തരം സങ്കുചിത മനോഭാവം വെടിയണമെന്നും സോനം വാങ്ചുക് ആവശ്യപ്പെട്ടു.
കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ നിരാഹാരം അവസാനിപ്പിച്ചതിന് പിന്നിൽ സർക്കാരുമായി എന്തെങ്കിലും രഹസ്യ ഒത്തുകളി നടന്നിട്ടുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളെയും വാങ്ചുക് എതിർത്തു. താൻ ഒരു 'അർദ്ധരാത്രി കരാറിനും' തയാറായിട്ടില്ലെന്നും, തനിക്ക് വല്ല കരാറുകളിലും താൽപ്പര്യമുണ്ടായിരുന്നെങ്കിൽ വളരെ നേരത്തെ തന്നെ അത് സാധ്യമാക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ വിദ്യാഭ്യാസ മന്ത്രിയാക്കാൻ പോലും ആവശ്യപ്പെടാമായിരുന്നെന്നും എന്നാൽ അതിനെയെല്ലാം ഒഴിവാക്കിയാണ് താൻ 26 ദിവസം നിരാഹാരം അനുഷ്ഠിച്ചതെന്നും സോനം വാങ്ചുക് പറഞ്ഞു. പരീക്ഷാ സമ്പ്രദായത്തിൽ വ്യവസ്ഥാപരമായ മാറ്റങ്ങളും ഉത്തരവാദിത്തവും ഉറപ്പാക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സമരം അവസാനിപ്പിക്കുന്ന വേളയിൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നേതാക്കൾക്കൊപ്പം വിദ്യാർഥി പ്രതിനിധികളും ഒപ്പമുണ്ടാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് വാങ്ചുക് പറഞ്ഞു. അർദ്ധരാത്രിയോടെ കേന്ദ്ര മന്ത്രിമാർ എത്തിയപ്പോൾ, നിരാഹാരം അവസാനിപ്പിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ കൂടെ ചിത്രങ്ങൾ ഒരുമിച്ച് പുറത്തുവിടാമെന്ന് താൻ നിർദേശിച്ചിരുന്നു. ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സമ്മതിച്ചതാണെങ്കിലും, ആ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ചിത്രങ്ങൾ മാധ്യമങ്ങളിൽ മുൻകൂട്ടി പുറത്തുവന്നത് തന്നെ നിരാശനാക്കിയെന്നും രാഷ്ട്രീയ നേതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന 'സി.ജെ.പി' പോലുള്ള സംഘടനകളുടെ പ്രവർത്തനങ്ങളെ വാങ്ചുക് പ്രശംസിച്ചു. രാഷ്ട്രീയ താൽപ്പര്യങ്ങളില്ലാതെ, നീതിക്കും ന്യായത്തിനുമായി പ്രവർത്തിക്കുന്ന ഇത്തരം കൂട്ടായ്മകൾ സമൂഹത്തിന് ആവശ്യമാണെന്നും, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാതെ ഒരു സ്വതന്ത്ര ഗ്രൂപ്പായി നിലകൊള്ളാനാണ് താൻ അവർക്ക് ഉപദേശം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും വലിയ പ്രക്ഷോഭത്തിന് ശേഷം തനിക്ക് യാതൊരു ഖേദവുമില്ലെന്നും, തന്റെ വിദ്യാഭ്യാസ, പരിസ്ഥിതി നവീകരണ പ്രവർത്തനങ്ങളിലേക്ക് തിരികെ മടങ്ങുമെന്നും സോനം വാങ്ചുക് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

