അംബാനിയുടെ നഷ്ടത്തിലായ കമ്പനിയിൽ ദസോ എന്തിന് നിക്ഷേപം നടത്തി- രാഹുൽ
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു അന്വേഷണം നടന്നാൽ, അതിനെ അതിജീവിക്കാൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. റഫാൽ നിർമാതാക്കളായ ദസോ ഏവിയേഷനും ഇന്ത്യൻ പങ്കാളിയായി മാറിയ അനിൽ അംബാനിയുടെ റിലയൻസും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് പുതിയ വിവാദ വിവരങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ എ.െഎ.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
റിലയൻസ് ഡിഫൻസിന് ഫാക്ടറി നിർമിക്കാൻ സ്വന്തമായി സ്ഥലമുള്ളത് കണക്കിലെടുത്താണ് കരാർ നൽകിയതെന്നാണ് ദസോ ഏവിയേഷൻ കമ്പനി പറഞ്ഞുവരുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. എന്നാൽ, ദസോ നൽകിയ പണംകൊണ്ടാണ് അനിൽ അംബാനി ഭൂമി വാങ്ങിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നഷ്ടത്തിലോടുന്ന ഒരു കമ്പനിക്ക് ദസോ 284 കോടി രൂപ എന്തുകൊണ്ട് കൊടുത്തു? കോഴയുടെ ആദ്യ ഗഡുവായിരുന്നു അത്. 8.3 ലക്ഷം രൂപ മാത്രം മൂല്യമുള്ള, നഷ്ടത്തിലോടുന്ന ഒരു കമ്പനിയിൽ ദസോ എന്തിന് 284 കോടി നിക്ഷേപിക്കണം? എന്തിനാണ് ദസോ ഏവിയേഷൻ കമ്പനി നുണപറയുന്നത്. ആരെയാണ് അവർ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. രാജ്യം നടത്തുന്നയാളെ സംരക്ഷിക്കാനാണ് അവർ ശ്രമിക്കുന്നത്? സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) അന്വേഷിച്ചാൽ അഴിമതിയുടെ വിവരങ്ങളെല്ലാം പുറത്തുവരും. ഇതേക്കുറിച്ച് അറിഞ്ഞ സി.ബി.െഎ മേധാവിയെ മാറ്റി. പ്രധാനമന്ത്രി ഭയപ്പെടുകയാണെന്നും രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അനിൽ അംബാനിയും തമ്മിലുള്ള ഇടപാടാണ് റഫാൽ. ഇൗ ഇടപാടിൽ മോദിയാണ് ഒന്നാം പ്രതി. 30,000 കോടി രൂപ അംബാനിക്ക് മോദി വെറുതെ നൽകുകയായിരുന്നു. ഇടപാട് സംബന്ധിച്ച് മോദി കള്ളം പറയുകയാണെന്നും രാഹുൽ വ്യക്തമാക്കി.
അനിൽ അംബാനിയുടെ നഷ്ടത്തിലായ കമ്പനിയിൽ ദസോ എവിയേഷൻ 284 കോടി നിക്ഷേപിച്ചുവെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ദ വയറാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
