പ്രതിപക്ഷം പോരാട്ടം നിർത്തില്ല; വോട്ടുകൊള്ളക്കാർ അത് നിർത്തേണ്ടി വരും-രാഹുൽ
text_fieldsകോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ബിഹാറിൽ നടന്ന 'വോട്ടർ അധികാർ യാത്ര'യിൽ
ഗയ (ബിഹാർ): വോട്ടുകൊള്ളക്കും വോട്ടുബന്ദിക്കുമെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ചേർന്ന് നയിക്കുന്ന വോട്ടർ അധികാർ യാത്ര ബിഹാറിനെ ഇളക്കിമറിച്ച് രണ്ടാം ദിവസം ഗയയിൽ സമാപിച്ചു. ഇതിനകം ബിഹാറിൽ തരംഗമായി മാറിക്കഴിഞ്ഞ ‘വോട്ടു ചോർ ഗദ്ദി ഛോഡ്’ ‘വോട്ടുകള്ളൻ കസേര വിടൂ’ എന്ന മുദ്രാവാക്യവുമായി യാത്ര കടന്നുപോയ വഴികളിലുടനീളം വൻ ജനാവലിയാണ് രാഹുലിനെയും തേജസ്വിയെയും കാണാനായി തടിച്ചുകൂടിയത്. ഗ്രാമങ്ങൾ വന്നുചേരുന്ന കവലകളിലെല്ലാം ആയിരക്കണക്കിനുപേരാണ് രാഹുലിനെയും തേജസ്വിയെയും കാത്ത് യാത്രക്ക് അഭിവാദ്യമർപ്പിക്കാൻ ഒത്തുചേർന്നത്.
രണ്ടാം ദിവസം യാത്ര തുടങ്ങിയ ശേഷമാണ് ബിഹാർ വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റിയ 65 ലക്ഷം പേരുടെ വിവരങ്ങൾ കമീഷൻ പുറത്തുവിട്ടത്. ആദ്യദിവസത്തെ കമീഷൻ വാർത്തസമ്മേളനം പോലെ വെട്ടിമാറ്റിയവരുടെ പട്ടിക പുറത്തുവിട്ടതും കോൺഗ്രസ്, ആർ.ജെ.ഡി, സി.പി.ഐ എം.എൽ പ്രവർത്തകർക്കെല്ലാം ആവേശമേറ്റി.
ഔറംഗാബാദിൽ വോട്ടർപട്ടികയിൽ നിന്നും വെട്ടിമാറ്റപ്പെട്ട നിരവധി പേരുമായി ഇൻഡ്യ നേതാക്കൾക്കൊപ്പം കൂടിക്കാഴ്ച നടത്തിയാണ് കുടുംബയിൽനിന്ന് രാഹുലും തേജസ്വിയും രണ്ടാം ദിവസത്തെ യാത്ര തുടങ്ങിയത്.അംബ ദേവ് റോഡിൽനിന്ന് രാവിലെ എട്ടുമണിക്ക് തുടങ്ങിയ വോട്ട് അധികാർ യാത്രക്കിടെ രാവിലെ ഒമ്പതര മണിക്ക് രാഹുൽഗാന്ധി ദേവ് സൂര്യ മന്ദിർ ദർശനം നടത്തി. 11.30 മണിക്ക് റഫീ ബ്ലോക്ക് റോഡിലെത്തിയ യാത്ര റഫീഗഞ്ചിൽ ഒരു കിലോമീറ്റർ നീളത്തിൽ ആയിരങ്ങളുടെ പദയാത്രയായി മാറി. തുടർന്ന് ഉച്ചഭക്ഷണത്തിനായി ഗയ ജില്ലയിലെ ഡാബോറിൽ യാത്രയെത്തി. വൈകുന്നേരം നാലു മണിക്ക് ബഗടിഹ ക്ഷേത്രത്തിൽനിന്ന് തുടങ്ങി അഹിയാപൂർ, ദൗട് നഗർ, പഞ്ചംപൂർ, വഴി രാത്രി എട്ടു മണിക്കുശേഷം ഗയയിലെ ഖലീസ് പാർക്ക് ചൗക്കിൽ സമാപിച്ചു. മുഴുവൻ സ്വീകരണ കേന്ദ്രങ്ങളിലും റോഡിൽ ഇരുവശവും ആയിരങ്ങളാണ് യാത്രയെ വരവേൽക്കാൻ കാത്തിരുന്നത്.
കഴിഞ്ഞ നാലഞ്ച് തെരഞ്ഞെടുപ്പുകളിൽ ബിഹാറിൽ വോട്ട് ചെയ്തവരെ പോലും വെട്ടിനിരത്തി. എന്തുകൊണ്ടാണ് ഇത് ചെയ്തതെന്ന് ചോദിക്കുമ്പോൾ മുകളിൽനിന്നുള്ള നിർദേശപ്രകാരമെന്നാണ് ഉത്തരം കിട്ടുന്നത്. ഇത് ദരിദ്രരുടെ അവകാശത്തിനായുള്ള പോരാട്ടമാണ്. പ്രതിപക്ഷം ഒരിക്കലും പോരാട്ടം നിർത്താൻ പോകുന്നില്ല. എന്നാൽ വോട്ട് കൊള്ളക്കാർ അത് നിർത്തേണ്ടി വരും.-രാഹുൽ ഗാന്ധി
ബിഹാർ വോട്ടർ പട്ടിക: നീക്കിയ 65 ലക്ഷം പേരുവിവരം പുറത്തുവിട്ടു
പട്ന: ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരണത്തിൽ വെട്ടിമാറ്റിയ 65 ലക്ഷം പേരുടെ പേരുവിവരം തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടു. ആഗസ്റ്റ് 19 നകം വെട്ടിമാറ്റിയ പേരുകൾ പ്രസിദ്ധീകരിക്കാനും 22നകം സത്യവാങ്മൂലം നൽകാനും സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചതിനെ തുടർന്നാണ് നടപടി. പോളിങ് ബൂത്തുതലത്തിൽ വോട്ടർപട്ടികയിലെ ഹാജരാകാത്തവർ, സ്ഥലംമാറ്റപ്പെട്ടവർ, മരിച്ചവർ എന്ന ഗണത്തിൽവരുന്ന വോട്ടർമാരുടെ പേരുകളാണ് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടത്. സുപ്രീംകോടതി നിർദേശിച്ചപോലെ ഓൺലൈനായി പട്ടിക പ്രസിദ്ധീകരിച്ചു.
റോഹ്താസ്, ബെഗുസരായി, അർവാൾ, സിവാൻ, ഭോജ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ പോളിങ് ബൂത്തുകളിൽ നീക്കിയവരുടെ പട്ടിക പ്രദർശിപ്പിച്ചതായി ബിഹാറിലെ ചീഫ് ഇലക്ടറൽ ഓഫിസർ വെളിപ്പെടുത്തി. വോട്ടർപട്ടിക പരിഷ്കരണം ചോദ്യംചെയ്ത് നൽകിയ ഹരജികൾ തീർപ്പാക്കിയപ്പോഴാണ് ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പുറത്തുവിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ കരട് വോട്ടർപട്ടികയിലെ കണക്കനുസരിച്ച് 7.24 കോടിയാണ് സംസ്ഥാനത്തെ ആകെ വോട്ടർമാർ. രജിസ്റ്റർ ചെയ്ത ആകെ വോട്ടർമാരുടെ എണ്ണം 7.9 കോടിയായിരുന്നു. ഇതുപ്രകാരമാണ് 65 ലക്ഷത്തിലധികം പേരെ വെട്ടിനിരത്തിയ വിവരം കോടതിയിലെത്തിയത്.
പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു
ന്യൂഡൽഹി: ബിഹാറിലെ പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണത്തിൽ ചർച്ച ആവശ്യപ്പെട്ടും വോട്ടുകൊള്ള അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും ഇൻഡ്യ മുന്നണി പാർട്ടികളുടെ പ്രതിഷേധം തുടരുന്നു. തിങ്കളാഴ്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ ഇരു സഭകളുടെയും ശൂന്യവേളയും ചോദ്യോത്തരവേളയും നടക്കാതെ ഉച്ചവരെ പിരിഞ്ഞു. ഉച്ചക്കുശേഷം പ്രതിപക്ഷം ബഹിഷ്കരിച്ചതോടെ രാജ്യസഭ തടസ്സമില്ലാതെ നടന്നു.
ലോക്സഭയിൽ, ശുഭാംശു ശുക്ല ബഹിരാകാശത്ത് നടത്തിയ ചരിത്ര യാത്രയിൽ പ്രത്യേക ചർച്ചക്ക് തുടക്കമിട്ട് ശാസ്ത്ര സാങ്കതിക മന്ത്രി ജിതേന്ദ്ര സിങ് പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം ബഹളം കടുപ്പിച്ചു. അരമണിക്കൂറോളം നീണ്ട മന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ സഭ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു. നിങ്ങളുടെ കോപം സർക്കാറിനോടും ബി.ജെ.പിയോടും ആകാമെന്നും എന്നാൽ ഒരു ബഹിരാകാശ യാത്രികനോട് ദേഷ്യപ്പെടുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും പ്രതിപക്ഷ ബഹളത്തെ വിമർശിച്ച് ജിതേന്ദ്ര സിങ് പറഞ്ഞു.
ബഹിരാകാശ യാത്രികനെന്നതിലുപരി ഇന്ത്യൻ വ്യോമസേനയുടെ സൈനികനാണെന്നും പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കാതിരുന്നത് വളരെയധികം നിരാശകരമെന്നും പ്രതിപക്ഷ പ്രതിഷേധത്തെ അപലപിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്സിൽ കുറിച്ചു. ശുഭാംശുവിന്റെ ബഹിരാകാശ ദൗത്യത്തിൽ എല്ലാ ഇന്ത്യക്കാരും അഭിമാനിതരാണെന്നും പ്രതിപക്ഷം ബഹിഷ്കരിച്ചതുകൊണ്ടാണ് ചർച്ചയിൽ പങ്കെടുക്കാത്തതെന്നും കോൺഗ്രസ് എം.പി ശശി തരൂർ എക്സിൽ കുറിച്ചു. തരൂരിന്റെ പോസ്റ്റ് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

