‘ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം മുന്നോക്ക ജാതിക്കാരുടേത്,’ ശാസ്ത്ര ബോധം തകർക്കപ്പെടുന്നുവെന്നും രാഹുൽ, വിദേശമണ്ണിൽ രാജ്യത്തെ ആക്രമിക്കുന്നുവെന്ന് ആവർത്തിച്ച് ബി.ജെ.പി
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യൻ ജനസംഖ്യയുടെ 90 ശതമാനവും ഇടത്തര, പിന്നോക്ക ജാതികളിൽ നിന്നുള്ളവരായിരിക്കെ സാമൂഹിക വ്യവസ്ഥയിൽ മുന്നോക്ക വിഭാഗക്കാരുടെ ആധിപത്യമെന്ന് രാഹുൽ ഗാന്ധി. ചിലി സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പിന്നോക്ക വിഭാഗങ്ങളുടെ ചരിത്രം, പാരമ്പര്യങ്ങൾ, ചിന്തകൾ എന്നിവക്ക് രാജ്യത്തിൻറെ വിദ്യാഭ്യാസ രംഗത്ത് അർഹമായ സ്ഥാനം ലഭിച്ചിട്ടില്ല. ഇന്ത്യയുടെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം ഉയർന്ന ജാതിക്കാരുടേതാണ്. ഗോത്രവിഭാഗക്കാരുടെയും ഇതര പിന്നോക്ക ജാതികളുടെയും ചരിത്രവും പാരമ്പര്യങ്ങളും വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തപ്പെടണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിൽ വലിയ പിന്നോട്ടുപോക്കുണ്ടായി. നിലവിലെ സർക്കാർ ശാസ്ത്രീയ സമീപനത്തിൽ വിശ്വസിക്കാത്തതുകൊണ്ടുതന്നെ ശാസ്ത്രബോധം തകർക്കപ്പെട്ടു, ഇത് തിരുത്തണമെന്നാണ് ആഗ്രഹം. ഇന്ത്യയിൽ വിദ്യഭ്യാസ രംഗത്ത് ജിജ്ഞാസയും, പരിമിതികളില്ലാതെ ചിന്തിക്കാനുള്ള സ്വാതന്ത്രവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സ്വതന്ത്ര ചിന്ത, തുറന്ന സമീപനം, ശാസ്ത്രബോധം, വസ്തുതകളിൽ യുക്തിസഹമായിരിക്കുക എന്ന ആശയം എന്നിവയെല്ലാം രാജ്യത്ത് വെല്ലുവിളികൾ നേരിടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
രാഹുലിന്റെ പരാമർശത്തിന് പിന്നാലെ, വിമർശനവുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തി. രാഹുൽ രാജ്യത്തെ വിദേശമണ്ണിൽ അപമാനിക്കുകയാണെന്ന ആരോപണം ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല ആവർത്തിച്ചു. രാഹുൽ പ്രതിപക്ഷ നേതാവല്ല, നുണ പ്രചാരണത്തിന്റെയും കാപട്യത്തിന്റെയും നേതാവാണ്. വിദേശത്ത് പോയി ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങൾ, ജനാധിപത്യ വ്യവസ്ഥ, നീതിന്യായ വ്യവസ്ഥ, രാജ്യത്തിന്റെ പരമാധികാരം എന്നിവക്കെതിരെ സംസാരിക്കുന്നത് രാഹുലിന്റെ ശീലമായി മാറിയെന്നും ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
സ്വതന്ത്ര ചിന്തക്ക് രാജ്യത്ത് ഇടമില്ലെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. കോൺഗ്രസിലും അതുതന്നെയാണ് സ്ഥിതി. രാഹുലിനെതിരെ ആരെങ്കിലും സംസാരിച്ചാൽ എന്താണ് സംഭവിക്കുക. രാജ്യതാത്പര്യം മുൻനിർത്തി നിലപാടെടുത്തതിനാണ് ശശി തരൂരിനെ പ്രതിരോധത്തിലാക്കിയതെന്നും പൂനവല്ല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

