കുട്ടികൾക്കൊപ്പം രാഹുലിന്റെ ഓട്ടമത്സരം; ഒപ്പമെത്താൻ പണിപ്പെട്ട് അണികൾ
text_fieldsഭാരത് ജോഡോ യാത്രക്കിടെ വിദ്യാർഥികൾക്കൊപ്പം ഓട്ടമത്സരം നടത്തുന്ന രാഹുൽ ഗാന്ധി
ഹൈദരാബാദ്: ഭാരത് ജോഡോ യാത്രക്കിടെ വിദ്യാർഥികൾക്കൊപ്പം ഓട്ടമത്സരം നടത്തുന്ന രാഹുൽ ഗാന്ധിയുടെ വിഡിയോ വൈറൽ. തെലങ്കാനയിൽ യാത്രയുടെ അഞ്ചാംദിനമാണ് പെട്ടെന്ന് ഗിയർമാറ്റി രാഹുൽ നേതാക്കളെയും അനുയായികളെയും ഞെട്ടിച്ചത്. യാത്ര ജഡ്ചെർളയിൽ എത്തിയപ്പോൾ ഒരു കൂട്ടം വിദ്യാർഥികൾ രാഹുലിനൊപ്പം നടക്കാനെത്തി.
നടക്കുന്നതിനിടെ രാഹുൽ കുട്ടികളോട് നമുക്ക് ഓട്ട മത്സരം നടത്തിയാലോ എന്ന് ചോദിക്കുന്നതും തുടർന്ന് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ കുട്ടികളും കൂടെയുള്ള നേതാക്കളടക്കമുള്ളവരും ഓടുന്നുണ്ട്. എല്ലാവരുടെയും മുന്നിൽ ഓടുന്ന രാഹുൽ പിന്നീട് വേഗം കുറച്ച് കുട്ടികളെ കാത്തിരിക്കുകയും വീണ്ടും ഓടുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം.
തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഢിയും സുരക്ഷ ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് രാഹുലിനൊപ്പം ഓടിയത്. തെലങ്കാനയിൽ രാഹുലിന്റെ യാത്രക്ക് വൻ സ്വീകരണമാണ് ലഭിക്കുന്നത്. തെലങ്കാനയിൽ ഏഴ് നിയമസഭ മണ്ഡലങ്ങളിലൂടെ 375 കിലോമീറ്ററാണ് രാഹുൽ നടക്കുന്നത്.
യാത്രക്കിടെ തെലങ്കാനയിലെ വിവിധ ആരാധനാലയങ്ങളിൽ സന്ദർശനം നടത്തുകയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നുണ്ട്. യാത്രയുടെ വിജയത്തിനായി 10 പ്രത്യേക കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്.