രാഹുൽ ഗാന്ധിയുടെ കോട്ട റാലി ഇന്ന്; രാഷ്ട്രീയ പോര് മുറുകുന്നു
text_fieldsകോട്ട(രാജസ്ഥാൻ): രാഹുൽ ഗാന്ധിയുടെ റാലിയെച്ചൊല്ലി രാജസ്ഥാനിലെ കോട്ടയിൽ രാഷ്ട്രീയ പോര് മുറുകുന്നു. ‘ഛത്രോം കി ഗൂഞ്ച്’ എന്ന പേരിൽ ബുധനാഴ്ച കോട്ടയിൽ നടക്കാനിരിക്കുന്ന രാഹുൽ ഗാന്ധിയുടെ റാലിക്കായി സ്ഥാപിച്ച ബാനറുകളും ഹോർഡിങ്ങുകളും അധികൃതർ നീക്കം ചെയ്യുന്നതായും, വിദ്യാർഥികൾ പങ്കെടുക്കുന്നത് തടയാൻ കോച്ചിങ് സെന്ററുകൾക്കും പി.ജി ഓപ്പറേറ്റർമാർക്കും മേൽ സമ്മർദം ചെലുത്തുന്നതായും കോൺഗ്രസ് ആരോപിച്ചു.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബി.ജെ.പി തള്ളിക്കളഞ്ഞു. മുനിസിപ്പൽ അനുമതിയില്ലാതെ സ്ഥാപിച്ച ഹോർഡിങ്ങുകളാണ് നീക്കം ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
പേപ്പർ ചോർച്ച, നിയമന വിവാദങ്ങൾ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധി കോട്ടയിലെത്തുന്നത്. കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊതാസ്ര ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. റാലിയെ ഭയന്നാണ് ബി.ജെ.പി ഇത്തരം തടസ്സങ്ങൾ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ട്രെയിനിൽ കോട്ടയിലെത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെങ്കിലും, ട്രെയിൻ വൈകിയാൽ പകരം ചാർട്ടർ വിമാനം ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. യുവാക്കളുടെ വിശ്വാസം തകർന്നെന്നും, റാലിക്കെതിരെ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഗെഹ്‌ലോട്ട് ആരോപിച്ചു.
ലോക്സഭ സ്പീക്കറും കോട്ട എം.പിയുമായ ഓം ബിർളക്ക് റാലിയോട് എതിർപ്പുണ്ടെന്ന തരത്തിൽ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ എക്സ് അക്കൗണ്ടിലും ബി.ജെ.പി സർക്കാറിനെതിരെ വിമർശനം ഉയർന്നു. ‘പോസ്റ്ററുകൾ നീക്കം ചെയ്യാം, എന്നാൽ യുവതയുടെ ശബ്ദത്തെ അടിച്ചമർത്താനാവില്ല’ എന്ന് കോൺഗ്രസ് കുറിച്ചു.
വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ശബ്ദമാകാനാണ് താൻ റാലി നടത്തുന്നതെന്ന് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു. നരേന്ദ്ര മോദി സർക്കാർ യുവാക്കളെ വഞ്ചിച്ചതായും അദ്ദേഹം ആരോപിച്ചു.
അതേസമയം, കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾക്കെതിരെ ബി.ജെ.പി നേതാവ് രാജേന്ദ്ര റാത്തോഡ് രംഗത്തെത്തി. ആരോപണങ്ങൾക്ക് തെളിവ് നൽകാൻ അദ്ദേഹം കോൺഗ്രസിനെ വെല്ലുവിളിച്ചു. ഓം ബിർളയെ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതിനെ അദ്ദേഹം വിമർശിച്ചു.
ആദ്യഘട്ടത്തിൽ വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് റാലി ആസൂത്രണം ചെയ്തിരുന്നതെങ്കിലും, ഇപ്പോൾ അത് വലിയൊരു രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുകയാണ്. പോസ്റ്ററുകളും അനുമതിയും രാഷ്ട്രീയ പ്രസക്തിയും സംബന്ധിച്ച വിവാദങ്ങൾക്കിടയിലാണ് രാഹുൽ ഗാന്ധി കോട്ടയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

