രാഹുലിെൻറ തോൽവി മഹാസഖ്യത്തിെൻറ ചുമലിൽ
text_fieldsന്യൂഡൽഹി: മഹാസഖ്യത്തിെൻറ വോട്ട് കിട്ടാത്തതാണ് അമേത്തിയിൽ രാഹുലിെൻറ തോൽവിക്ക് വഴിവെച്ചതെന്ന് വെളിപ്പെടുത്തൽ. പരാജയകാരണം അന്വേഷിക്കാൻ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ച രണ്ടംഗ സമിതിയുടേതാണ് കണ്ടെത്തൽ. ഇവർ ഏതാനും നിയോജക മണ്ഡലങ്ങളിൽ സന്ദർശിച്ച ശേഷമാണ് ഇൗ നിഗമനത്തിലെത്തിയത്. ഗ്രാമ, ബ്ലോക് തലത്തിൽ പ്രവർത്തകരെ കണ്ടാണ് ഇവർ പരാജയ കാരണം വിലയിരുത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഒരു ഘട്ടത്തിലും സമാജ്വാദി-ബഹുജൻ സമാജ്വാദി പാർട്ടി പ്രാദേശിക നേതാക്കൾ സഹകരിച്ചില്ലെന്ന് ഇവർ പറഞ്ഞു. സോണിയക്കും രാഹുലിനുമെതിരെ സ്ഥാനാർഥികളെ നിർത്തില്ലെന്നും വോട്ട് ചെയ്യുമെന്നുമുള്ള മഹാസഖ്യം നേതാക്കളുടെ നിലപാട് താഴെ തട്ടിൽ എത്തിയില്ല. മാത്രമല്ല, മഹാസഖ്യത്തിെൻറ ഭാഗമായവർ ബി.ജെ.പിക്കാണ് വോട്ട് ചെയ്തതെന്നും ഇരുവരും വ്യക്തമാക്കി. കോൺഗ്രസ് സെക്രട്ടറിമാരും റായ്ബറേലിയിലെ സോണിയ ഗാന്ധിയുടെ പ്രതിനിധികളുമായ സുബൈർ ഖാനും കെ.എൽ. ശർമയുമാണ് തോൽവിയുടെ ഉത്തരവാദിത്തം മഹാസഖ്യത്തിെൻറ ചുമലിൽ വെക്കുന്നത്. ഇൗ വാദം സമർഥിക്കാൻ ചില കണക്കുകളും അവർ നിരത്തുന്നുണ്ട്. 2014നെ അപേക്ഷിച്ച് ഇക്കുറി അരലക്ഷത്തോളം വോട്ട് രാഹുലിന് കൂടുതലായി ലഭിച്ചിട്ടുണ്ട്. 4.13 ലക്ഷം വോട്ടാണ് ഇക്കുറി ലഭിച്ചത്. എന്നിട്ടും 55,120 വോട്ടിന് രാഹുൽ, സ്മൃതി ഇറാനിയോട് തോറ്റു.
2014ൽ ബി.എസ്.പി സ്ഥാനാർഥി 57,716 വോട്ട് നേടിയിരുന്നു. ആ വോട്ട് ഇക്കുറി രാഹുലിന് കിട്ടിയിരുന്നെങ്കിൽ ചുരുങ്ങിയത് അരലക്ഷം വോട്ടിന് വിജയിക്കുമായിരുന്നു -കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. അമേത്തി ജില്ല കോൺഗ്രസ് അധ്യക്ഷൻ യോഗേന്ദ്ര മിശ്രയും ഇക്കാര്യം അംഗീകരിച്ചു. സമാജ്വാദി പാർട്ടി മുൻമന്ത്രി ഗായത്രി പ്രജാപതിയുടെ മകൻ അനിലും എസ്.പി എം.എൽ.എ രാകേഷ് സിങ്ങുമെല്ലാം ബി.ജെ.പിക്കുവേണ്ടിയാണ് പ്രചാരണത്തിനിറങ്ങിയത് -യോഗേന്ദ്ര ചൂണ്ടിക്കാട്ടി. എന്നാൽ, രാകേഷ് സിങ് എം.എൽ.എ ഇക്കാര്യം നിഷേധിച്ചു.
അമേത്തി നിയമസഭ നിയോജക മണ്ഡലത്തിൽ ഭൂരിപക്ഷം നേടിയ രാഹുൽ ഗൗരീഗഞ്ചിലും ടിലോയിയിലും ജഗ്ദീഷ്പൂരിലും സലോണിലും പിന്നിലായി. എല്ലാ നിയോജക മണ്ഡലങ്ങളിലും പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി അടുത്ത ആഴ്ച ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്ന് നേതാക്കൾ പറഞ്ഞു. 1980 മുതൽ കുത്തകയായ അമേത്തിയാണ് ഇക്കുറി കോൺഗ്രസിനെ കൈവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
