കോടതിവിധിയും അയോഗ്യതയും കോൺഗ്രസിനും രാഹുലിനും നേട്ടമായേക്കുമെന്ന് നിരീക്ഷകർ
text_fieldsന്യൂഡൽഹി: പാർട്ടിയുടെ ഏറ്റവും ശക്തനായ നേതാവിനെതിരായ ജയിൽശിക്ഷയും അയോഗ്യതയും ഇപ്പോൾ തിരിച്ചടിയാണെങ്കിലും കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും അത് നേട്ടമായി മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകർ. ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിന’മെന്ന് തുറന്നടിച്ച് ശക്തമായി രംഗത്തുവന്ന കോൺഗ്രസ്, നിയമപരമായും രാഷ്ട്രീയമായും ഈ അനീതിയെ നേരിടുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
‘‘രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഈ നിമിഷത്തെ വലിയ തിരിച്ചടിതന്നെയാണെന്നതിൽ സംശയമില്ല. എന്നാൽ, ഭാരത് ജോഡോ യാത്രക്കുശേഷം കൈവന്ന ജനപ്രീതിക്കു പിന്നാലെ ഈ വിധിയും അയോഗ്യതയും വലിയ നേട്ടമായി മാറുമെന്ന് ന്യായമായും കരുതാം’’ -ജെ.എൻ.യു സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് എമിരിറ്റസ് പ്രഫസർ സോയ ഹസൻ അഭിപ്രായപ്പെട്ടു. ഒരു നായകനായും അടിച്ചമർത്തൽ രാഷ്ട്രീയത്തിന്റെ ഇരയായും രാഹുൽ ഉയർന്നുവരുമെന്നും അവർ പറഞ്ഞു. അതേസമയം, മേൽകോടതിയിൽനിന്ന് അനുകൂല വിധി ലഭിക്കാതിരിക്കുകയും അയോഗ്യത തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ അതൊരു പ്രശ്നമായിരിക്കുമെന്നും സോയ ഹസൻ കൂട്ടിച്ചേർത്തു.
എത്ര ജനപ്രീതിയുണ്ടായാലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാതെ പാർട്ടിയെ നയിക്കുകയെന്നത് വിഷമകരമായിരിക്കുമെന്നാണ് ജീസസ് ആൻഡ് മേരി കോളജ് പൊളിറ്റിക്കൽ സയൻസ് പ്രഫസർ സുശീല രാമസ്വാമിയുടെ പക്ഷം. അതേസമയം, ജനത്തിന്റെ സഹതാപം അദ്ദേഹത്തിന് അനുകൂലമായിരിക്കുമെന്നും അവർ പറഞ്ഞു. രാഹുലിന്റെ പരാമർശം കണക്കിലെടുക്കുകയാണെങ്കിൽ ബി.ജെ.പി നേതാക്കൾ സമാനമായ എത്രയോ പരാമർശങ്ങൾ വിവിധ പ്രതിപക്ഷ നേതാക്കൾക്കെതിരെ പ്രയോഗിച്ചിട്ടുണ്ടെന്നും സുശീല ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് മുമ്പായി മുഴുവൻ പ്രതിപക്ഷത്തെയും ബി.ജെ.പി ഒന്നിപ്പിച്ചിരിക്കുകയാണെന്നാണ്, കോൺഗ്രസ് നേതാവ് സഞ്ജയ് ഝാ ട്വീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

