അമിത് ഷാക്കെതിരെ രാഹുൽ; സഭ ഇളകി
text_fieldsപാർലമെന്റിലെ ചർച്ചക്കുശേഷം ന്യൂഡൽഹിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: സി.ജെ.പിയുടെ ആഹ്വാന പ്രകാരം സമാധാനപരമായി സമരം നടത്തുകയായിരുന്ന വിദ്യാർഥികളെ പെല്ലെറ്റ് ഗണ്ണും ആണിയടിച്ചുകയറ്റിയ ലാത്തികളുമടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് നേരിട്ടതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ ലോക്സഭ ഇളകിമറിഞ്ഞു. അമിത് ഷായെയും ആർ.എസ്.എസിനെയും കടന്നാക്രമിച്ച രാഹുലിന്റെ പ്രസംഗത്തെ ചൊല്ലി മൂന്ന് തവണ നിർത്തിവെച്ച ലോക്സഭ, ബഹളത്തിനിടെ ശബ്ദവോട്ടോടെ പൊതുപരീക്ഷ ഭേദഗതി ബിൽ പാസാക്കി വ്യാഴാഴ്ചത്തേക്ക് പിരിഞ്ഞു. അമിത് ഷാക്കെതിരായ പരാമർശത്തിന് മാപ്പുപറയാതെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന് സർക്കാറും സ്പീക്കറും നിലപാടെടുത്തതോടെ, എ.ഐ.സി.സി ആസ്ഥാനത്ത് വൈകീട്ട് വാർത്തസമ്മേളനം നടത്തിയാണ് തനിക്ക് പറയാനുള്ളത് രാഹുൽ പറഞ്ഞുതീർത്തത്.
ചോദ്യപേപ്പർ ചോർച്ചക്കെതിരെ നിർഭയരായി തെരുവിലിറങ്ങിയ വിദ്യാർഥികളെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും അവരെ അഭിനന്ദിക്കണമെന്നും പറഞ്ഞാണ് രാഹുൽ തുടങ്ങിയത്. തങ്ങളുടെ രക്ഷിതാക്കളെ പോലെ ആർ.എസ്.എസിനെയും ബി.ജെ.പിയെയും ഈ വിദ്യാർഥികൾ ഭയക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തുടർന്ന് മൂന്നു തരം ആളുകളെ കുറിച്ച് രാഹുൽ പറയുന്നതിനിടെ വിഡ്ഢികൾ, അന്ധ ഭക്തർ എന്നിങ്ങനെ രണ്ടുതരക്കാരെ കുറിച്ച് കേട്ടതും ബി.ജെ.പി എം.പിമാർ എഴുന്നേറ്റ് പ്രതിഷേധിക്കുകയും ‘വിഡ്ഢി’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആരാണ് വിഡ്ഢികളെന്ന് പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു രാഹുലിന്റെ തിരിച്ചടി.
ആഭ്യന്തര മന്ത്രിക്ക് ഇവിടെ വന്നിരിക്കാനുള്ള ധൈര്യമില്ലെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി അമിത്ഷാക്കെതിരായ ആക്രമണം തുടങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ലോക്സഭയിൽ വന്നിരിക്കാനുള്ള ധൈര്യമില്ല. പേടിച്ചുവിറച്ചാണ് കാറിലിരിക്കുന്നത്. അദ്ദേഹം ചകിതനാണ്. അദ്ദേഹത്തിന്റെ കൈകളിൽ വിദ്യാർഥികളുടെ രക്തമുണ്ടെന്നും കൂടി രാഹുൽ പറഞ്ഞത്, സഭയെ അക്ഷരാർഥത്തിൽ ഇളക്കിമറിച്ചു. എന്തും പറഞ്ഞ് തലക്കെട്ടുകൾ ഉണ്ടാക്കരുതെന്നും ആഭ്യന്തര മന്ത്രിയുടെ ഉത്തരവിന്റെ പകർപ്പ് എടുത്ത് സഭയെ കാണിക്കണമെന്നും അല്ലെങ്കിൽ മാപ്പുപറയാതെ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കില്ലെന്നും കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി റിജിജു പറഞ്ഞു. രാഹുൽ ഗാന്ധി മാപ്പു പറയണം എന്നാവശ്യപ്പെട്ട് ഭരണപക്ഷ ബെഞ്ച് ഒന്നടങ്കം എഴുന്നേറ്റ് പ്രതിഷേധിച്ച് മുദ്രാവാക്യം വിളി തുടങ്ങി. തുടർന്ന് രാഹുലിനെ തുടരാൻ അനുവദിക്കാതെ ആദ്യം രണ്ടു മണിവരെയും വീണ്ടും ചേർന്ന് മൂന്നുമണി വരെയും സഭ നിർത്തിവെച്ചു. പിന്നീട് ചേർന്നപ്പോളും സ്പീക്കർ രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല.
അതോടെ പാർലമെന്റിന് പുറത്തിറങ്ങിയ രാഹുൽ ഈ വിഷയത്തിൽ രണ്ടേയുള്ളൂ കാര്യമെന്ന് വിശദീകരിച്ചു. വിദ്യാർഥികൾക്കെതിരായ അതിക്രമത്തിൽ ഒന്നുകിൽ ആഭ്യന്തര മന്ത്രി ഉത്തരവിടണം. അല്ലെങ്കിൽ അമിത് ഷാ അറിയാതിരിക്കണം. അമിത് ഷാ ഉത്തവിട്ടിട്ടുണ്ടെങ്കിൽ അദ്ദേഹം കുറ്റക്കാരനാണ്. അദ്ദേഹം ഇതൊന്നുമറിയില്ലെങ്കിൽ കഴിവുകെട്ടയാളാണ്. പ്രതിപക്ഷ നേതാവെന്ന നിലക്ക് പാർലമെന്റിൽ ഇത് പറയാനുള്ള അവകാശം തനിക്കുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ആഭ്യന്തര മന്ത്രിയല്ല, പൊലീസാണ് സാധാരണഗതിയിൽ വെടിവെക്കാൻ ഉത്തരവിടുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ്, ചോദ്യപേപ്പർ ചോർച്ച ബില്ലിന്മേലുള്ള ചർച്ച ഉപസംഹരിച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

