മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ തെരഞ്ഞെടുക്കാനുള്ള പാനലിൽ നിന്ന് എന്തിനാണ് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത്; ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: വോട്ടുചോരിയേക്കാൾ വലിയ ദേശവിരുദ്ധ പ്രവർത്തനമില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാന തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാരോപിച്ചാണ് രാഹുൽ ഗാന്ധി ലോക്സഭയെ അഭിസംബോധന ചെയ്തത്. ഹരിയാന തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നതായും രാഹുൽ ഗാന്ധി ആരോപിച്ചു. ഹരിയാന വോട്ടർ പട്ടികയിൽ 22 തവണ ബ്രസീലിയൻ യുവതി പ്രത്യക്ഷപ്പെട്ട കാര്യവും രാഹുൽ ഗാന്ധി വീണ്ടും എടുത്തു പറഞ്ഞു. ലോക്സഭയിൽ
തെരഞ്ഞെടുപ്പ് പരിഷ്‍കാരങ്ങളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമീഷന്റെ അതി തീവ്ര വോട്ടർപട്ടികയടക്കം(എസ്.ഐ.ആർ) ചർച്ചയിൽ വന്നു. ബിഹാറിലാണ് ആദ്യം എസ്.ഐ.ആർ നടപ്പാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന കേരളത്തിലും പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും എസ്.ഐ.ആർ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളെല്ലാം ആറുമാസത്തിനുള്ളിൽ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്.
പ്രധാനമായും മൂന്നു ചോദ്യങ്ങളാണ് രാഹുൽ ലോക്സഭയിൽ ഉന്നയിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറെയും തെരഞ്ഞെടുക്കാനുള്ള പാനലിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് എന്തിനാണെന്നായിരുന്നു രാഹുലിന്റെ ആദ്യത്തെ ചോദ്യം.എന്തുകൊണ്ടാണ് നിങ്ങൾ പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത്? അദ്ദേഹത്തിൽ വിശ്വാമില്ലാഞ്ഞിട്ടാണോ?-രാഹുൽ ചോദിച്ചു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താനും ആ പാനലിന്റെ ഭാഗമാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഭാഗത്തും ആഭ്യന്തര മന്ത്രി അമിത് ഷാ മറുഭാഗത്തും നിൽക്കുന്നതിനാൽ തനിക്ക് ശബ്ദമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാഷ്ട്രപതിയുടെ നിയമനങ്ങൾ ശിപാർശ ചെയ്യുന്ന മൂന്നംഗ സെലക്ഷൻ പാനലിൽ ചീഫ് ജസ്റ്റിസിന് പകരം ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെ നിയമിച്ച 2023 ലെ നിയമത്തെക്കുറിച്ചാണ് രാഹുൽ ഗാന്ധി പരാമർശിച്ചത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമാണ് പാനലിലെ മറ്റ് രണ്ട് അംഗങ്ങൾ. കേന്ദ്ര കാബിനറ്റ് മന്ത്രി അമിത് ഷായും.
ഔദ്യോഗിക പദവിയിൽ ചെയ്യുന്ന പ്രവൃത്തികൾക്ക് ഒരു തിരഞ്ഞെടുപ്പ് കമീഷണറെയും ശിക്ഷിക്കാൻ പാടില്ല എന്ന് ഉറപ്പാക്കാൻ എന്തിനാണ് മറ്റൊരു നിയമം പാസാക്കിയതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കാനുള്ള നിയമം കൊണ്ടുവന്നത് എന്തിനാണെന്നായിരുന്നു രാഹുലിന്റെ മൂന്നാമത്തെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

