'പ്രസംഗം നടന്ന് 45 ദിവസത്തിന് ശേഷം ഇത്ര തിരക്കുകൂട്ടുന്നത് എന്തിന്?'; ഡൽഹി പൊലീസിനോട് രാഹുൽ
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ താൻ നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള വിവരങ്ങൾ തേടിയ ഡൽഹി പൊലീസിന് പ്രാഥമിക മറുപടി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനപ്പെട്ട 10 കാര്യങ്ങൾ സൂചിപ്പിച്ച് നൽകിയ നാല് പേജ് മറുപടിയിൽ വിശദമായ മറുപടിക്ക് സമയം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ കുറിച്ച് ഭാരത് ജോഡോയാത്രയിൽ രാഹുൽ നടത്തിയ പ്രസംഗത്തെ കുറിച്ച് കൂടുതൽ വിവരം തേടാനാണ് വീട്ടിലെത്തിയതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്.
പ്രസംഗം നടത്തി 45 ദിവസങ്ങൾ പിന്നിടുമ്പോളുള്ള പൊലീസിന്‍റെ ഈ തിരക്കിട്ടുള്ള നീക്കങ്ങൾ എന്തിനാണെന്ന് മറുപടിയിൽ രാഹുൽ ചോദിക്കുന്നു. കൂട്ടബലാത്സംഗത്തിനിരയായെന്ന് ചില സ്ത്രീകൾ തന്നോട് വെളിപ്പെടുത്തിയെന്ന് ജനുവരി 30ന് ശ്രീനഗറിലാണ് രാഹുൽ പ്രസംഗിച്ചത്.
രാജ്യം ഭരിക്കുന്ന പാര്‍ട്ടി അടക്കമുള്ള മറ്റുപാര്‍ട്ടികള്‍ രാഷ്ട്രീയ യോഗങ്ങള്‍ക്കിടെ നടത്തുന്ന പ്രസംഗങ്ങളുടെ പേരില്‍ ഇത്തരത്തിലുള്ള സൂക്ഷ്മപരിശോധനയ്‌ക്കോ ചോദ്യംചെയ്യലിനോ വിധേയരാകാറുണ്ടോ എന്നും പ്രാഥമിക മറുപടിയില്‍ രാഹുല്‍ ചോദിച്ചിട്ടുണ്ട്. മുമ്പ് കേട്ടിട്ടില്ലാത്ത നടപടിയാണ് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അദാനി വിഷയത്തിൽ പാർലമെന്‍റിനകത്തും പുറത്തും സ്വീകരിച്ച നിലപാടും പൊലീസിന്‍റെ നീക്കവും തമ്മിൽ ബന്ധമുണ്ടോയെന്നും രാഹുൽ ചോദിക്കുന്നുണ്ട്.
ഇന്ന് രാവിലെ ഡൽഹി പൊലീസ് സ്പെഷ്യൽ കമീഷണർ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള സംഘം രാഹുലിന്റെ വസതിയിലെത്തിയിരുന്നു. രണ്ട് മണിക്കൂര്‍ കാത്തുനിന്ന ശേഷമാണ് സംഘത്തിന് രാഹുലിനെ കാണാന്‍ കഴിഞ്ഞതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നീട് ഉച്ചയ്ക്ക് ഒരു മണിയോടെ രാഹുല്‍ കാറോടിച്ച് വസതിക്ക് പുറത്തേക്ക് പോകുകയും ചെയ്തിരുന്നു.
അതേസമയം, രാഹുലിന് നേരെയുള്ള പൊലീസ് നടപടിയിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൊലീസിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

