Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അച്ഛാ ദിന്‍’...

‘അച്ഛാ ദിന്‍’ കര്‍ഷകര്‍ക്കല്ല, വ്യവസായികള്‍ക്കെന്ന് രാഹുല്‍

text_fields
bookmark_border
‘അച്ഛാ ദിന്‍’ കര്‍ഷകര്‍ക്കല്ല, വ്യവസായികള്‍ക്കെന്ന് രാഹുല്‍
cancel

ഹാത്രസ് (യു.പി): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛാ ദിന്‍ പ്രയോഗത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി വീണ്ടും. മോദി വാഗ്ദാനം ചെയ്ത അച്ഛാ ദിന്‍ വന്നത് വ്യവസായികള്‍ക്ക് മാത്രമാണെന്നും രാജ്യത്തെ കര്‍ഷകര്‍ മോദിസര്‍ക്കാറിനു കീഴില്‍ ദുരിതദിനങ്ങളാണ് അഭിമുഖീകരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഉരുളക്കിഴങ്ങ് കൃഷിക്ക് പേരുകേട്ട ഹാത്രസിലെ ഒരു കോളജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കലോടെ കര്‍ഷകര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷ പ്രചാരണത്തിനെതിരെ നിയമ നിര്‍മാണം–കോണ്‍ഗ്രസ് പ്രകടന പത്രിക

 ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോണ്‍ഗ്രസ് പുറത്തിറക്കി. വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമ നിര്‍മാണം അടക്കം ഒട്ടേറെ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്ന പത്രികയില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്. ജാതിയുടെയും മതത്തിന്‍െറയും പേരില്‍ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരായ നിയമ നിര്‍മാണം തന്നെയാണ് 12 പേജ് വരുന്ന പ്രകടന പത്രികയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യത്ത് ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കല്‍ നയം തുടരുന്ന ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഇത്തരം നിയമം അനിവാര്യമാണെന്ന് പത്രിക നിരീക്ഷിക്കുന്നു. പൊലീസ് ക്രൂരതകള്‍ തടയുന്നതിന് ഓംബുഡ്സ്മാനെ നിയമിക്കുമെന്നും പത്രികയിലുണ്ട്. അതുപോലെ പൊലീസ് അതിക്രമത്തിന്‍െറ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേക ഏജന്‍സിക്ക് രൂപം നല്‍കും.

സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ഒട്ടേറെ പദ്ധതികളും കോണ്‍ഗ്രസ് ആവിഷ്കരിച്ചിട്ടുണ്ട്. ഡല്‍ഹി സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ മുന്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് സമാനമായി സംസ്ഥാനത്തും പ്രത്യേക നിയമ നിര്‍മാണം നടത്തും. 18 തികഞ്ഞ പെണ്‍കുട്ടികള്‍ക്ക് അര ലക്ഷം മുതല്‍ ലക്ഷം രൂപ വരെ നല്‍കുന്ന കന്യാ സന്‍ശാക്തീകരണ്‍ യോജന പദ്ധതിക്കും രൂപം നല്‍കും. ഇതിനുപുറമെ, വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക സ്കോളര്‍ഷിപ്പുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനം വനിത സംവരണവും പാര്‍ട്ടി ഉറപ്പു നല്‍കി.

ദലിതുകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് പ്രത്യേക പദ്ധതിയും കോണ്‍ഗ്രസ് ആവിഷ്കരിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ ആക്രമണ കേസുകളില്‍ ഇരകള്‍ക്ക് നിയമ സഹായം നല്‍കുന്നതിന് സുരക്ഷ മിത്ര പദ്ധതി തുടങ്ങുന്നതാണ് ഇതിലൊന്ന്. പിന്നാക്ക വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള ധനസഹായത്തിന് ഗ്രാന്‍റ് ഏര്‍പ്പെടുത്തും. ഭക്ഷ്യസുരക്ഷ പദ്ധതികളും പത്രികയിലുണ്ട്. ഗോതമ്പ് കിലോക്ക് മൂന്ന് രൂപ നിരക്കിലും അരി രണ്ട് രൂപക്കും നല്‍കും. പുതിയ കാര്‍ഷിക, വ്യവസായ നയത്തിന് രൂപം നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രിക യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍ പ്രകാശനം ചെയ്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - rahul gandhi
Next Story