പഹൽഗാം ആക്രമണം; പ്രത്യേക പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധിയും ഖാർഗെയും
text_fieldsന്യൂഡൽഹി: ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോൺഗ്രസ് എം.പിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ആക്രമണം എല്ലാ ഇന്ത്യക്കാരെയും പ്രകോപിപ്പിച്ചിട്ടുണ്ടെന്നും ഏകീകൃത പ്രതികരണത്തിന്റെ ആവശ്യകതയുണ്ടെന്നും രാഹുൽ കത്തിൽ പറയുന്നു.
'പഹൽഗാമിലെ ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനെയും പ്രകോപിപ്പിച്ചിരിക്കുന്നു. ഈ നിർണായക സമയത്ത് ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന് ഇന്ത്യ കാണിക്കണം. ജനപ്രതിനിധികൾക്ക് അവരുടെ ഐക്യവും ദൃഢനിശ്ചയവും പ്രകടിപ്പിക്കാൻ പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടണമെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു. അത്തരമൊരു സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടണമെന്ന് അഭ്യർഥിക്കുന്നു.' കത്തിൽ ആവശ്യപ്പെട്ടു.
പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ആക്രമണത്തിൽ സംയുക്ത നിലപാട് പ്രകടിപ്പിക്കുന്നതിനുള്ള വേദിയായിരിക്കും നിർദിഷ്ട സമ്മേളനം എന്ന് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് തിങ്കളാഴ്ച ജമ്മു കശ്മീർ നിയമസഭ പ്രത്യേക സമ്മേളനം നടത്തി. ആക്രമണത്തെ ശക്തമായി എതിർക്കുന്നതിനും ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള പ്രമേയം സമ്മേളനത്തിൽ പാസാക്കി. ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി സമ്മേളനത്തിന്റെ തുടക്കത്തിൽ പ്രമേയം അവതരിപ്പിച്ചു. സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിനുശേഷം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നയതന്ത്ര നടപടികൾക്ക് സഭ ഒറ്റക്കെട്ടായി പിന്തുണ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

