Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ബി.സി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഉടൻ നടപ്പാക്കണം, ഉദ്യോഗാർത്ഥികളെ വഞ്ചിക്കരുത്; മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് കത്തുമായി രാഹുൽ ഗാന്ധി

text_fields
bookmark_border
Congress leader Rahul Gandhi interacting with young job aspirants during a student dialogue event.
cancel
camera_alt

രാഹുൽ ഗാന്ധി


ഭോപ്പാൽ: മധ്യപ്രദേശിൽ ഇതര പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) പ്രഖ്യാപിച്ച 27 ശതമാനം സംവരണം പൂർണതോതിൽ നടപ്പിലാക്കണമെന്നും സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അടിയന്തരമായി നിയമന ഉത്തരവ് നൽകണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. സെപ്റ്റംബർ 22-ന് അയച്ച കത്ത് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തി.

കഴിഞ്ഞദിവസം ഇൻഡോറിൽ നടന്ന 'സ്റ്റുഡന്റ്സ് വോയ്‌സ്' പരിപാടിയിൽ പങ്കെടുത്ത നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ തങ്ങളുടെ അനിശ്ചിതത്വത്തെക്കുറിച്ചും തടഞ്ഞുവെച്ച നിയമനങ്ങളെക്കുറിച്ചും നേരിട്ട് പരാതിപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി വിഷയത്തിൽ ഇടപെട്ടത്. സംസ്ഥാന സർക്കാരിന്റെ '87:13' ഫോർമുല കാരണം പരീക്ഷ ജയിച്ച് എല്ലാ തെരഞ്ഞെടുപ്പ് പ്രക്രിയകളും പൂർത്തിയാക്കിയിട്ടും ഒ.ബി.സി സംവരണത്തിലുള്ള 13 ശതമാനം തസ്തികകളിലെ നിയമനങ്ങൾ വർഷങ്ങളായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി. 2022 മുതൽ നിയമന ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ നീതി തേടി തെരുവിലിറങ്ങാൻ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരേസ്വരത്തിൽ 27 ശതമാനം ഒ.ബി.സി സംവരണത്തെ പിന്തുണച്ചിട്ടും ബി.ജെ.പി സർക്കാർ പ്രശ്നം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ്. നാല് വർഷത്തിലേറെയായി നിയമനം കാത്തിരിക്കുന്ന യുവജനങ്ങളുടെ വിലപ്പെട്ട സമയം ഇനി നഷ്ടപ്പെടുത്തരുതെന്നും അവരുടെ ന്യായമായ ആശങ്കകൾ മുഖ്യമന്ത്രി നേരിട്ട് കേൾക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇൻഡോറിലെ പരിപാടിയിൽ, പരീക്ഷ പാസായിട്ടും നിയമ തർക്കങ്ങളുടെ പേരിൽ നിയമനം ലഭിക്കാതെ കണ്ണീരോടെ സംസാരിച്ച പെൺകുട്ടിയുടെ അനുഭവവും അദ്ദേഹം ഓർമിപ്പിച്ചു.

അതേസമയം, വിദ്യാഭ്യാസവും യുവാക്കളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പ്രതികരിച്ചു. 2019-ൽ കമൽനാഥ് സർക്കാരാണ് 27 ശതമാനം ഒ.ബി.സി സംവരണം കൊണ്ടുവന്നത്. ഇത് കോടതി നിഷ്കർഷിച്ച 50 ശതമാനം സംവരണ പരിധി ലംഘിച്ചതിനെ തുടർന്ന് കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. തുടർന്നാണ് കേസിൽ ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെ 87 ശതമാനം തസ്തികകളിൽ സ്ഥിരനിയമനം നടത്താനും തർക്കത്തിലുള്ള 13 ശതമാനം തസ്തികകൾ തടഞ്ഞുവെക്കാനും സർക്കാർ '87:13' ഫോർമുല ആവിഷ്കരിച്ചത്. എന്നാൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് അർഹമായ ജോലി നൽകാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul Gandhi Urges MP CM Mohan Yadav to Implement 27% OBC Quota, Clear Pending Appointments
Next Story