രാഹുൽ ഗാന്ധിയുടെ കൂടുതൽ വെളിപ്പെടുത്തലുണ്ടാകും, ഹൈഡ്രജൻ ബോംബിലൊതുങ്ങില്ല, വരുന്നത് പ്ലൂട്ടോണിയം ബോംബ് -കോൺഗ്രസ്
text_fieldsന്യൂഡൽഹി: വോട്ടുചോരിക്കെതിരായ പോരാട്ടം രാജ്യവ്യാപകമായി ശക്തിപ്പെടുത്താൻ വിശാല കോൺഗ്രസ് പ്രവർത്തക സമിതിയിൽ ധാരണ. വോട്ടുചോരിയിൽ ഒരു മാസത്തിനുള്ളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്നും അത് ഹൈഡ്രജൻ ബോംബിലൊതുങ്ങില്ലെന്നും പ്ലൂട്ടോണിയം ബോംബ് കൂടിയുണ്ടാകുമെന്നും വിശാല പ്രവർത്തക സമിതി വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഗസ്സ വിഷയത്തിൽ ഇന്ത്യയുടെ മൗനം ലജ്ജാകരമെന്നും വിദേശ നയം കളങ്കപ്പെട്ടെന്നും പ്രവർത്തക സമിതി കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യസമര ചരിത്ര സ്മാരകംകൂടിയായ പട്നയിലെ സദഖാത്ത് ആശ്രമത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ വോട്ടുചോരിയായിരുന്നു ചർച്ച. വോട്ടർ പട്ടിക പ്രത്യേക തീവ്രപരിശോധന (എസ്.ഐ.ആർ) അധികാരത്തിൽ തുടരാനുള്ള ബി.ജെ.പിയുടെ വൃത്തികെട്ട തന്ത്രമാണെന്ന് വിലയിരുത്തിയ കോൺഗ്രസ് പ്രവർത്തക സമിതി ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടി പോരാടാൻ ആഹ്വാനം ചെയ്തു. ഗസ്സയിലെ വംശഹത്യയിൽ കോൺഗ്രസ് പ്രവർത്തകസമതി ദുഃഖം രേഖപ്പെടുത്തി.
ജനാധിപത്യത്തിന്റെ അടിത്തറ നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പുകളാണ്. എന്നാൽ, കമീഷന്റെ നിഷ്പക്ഷതയെയും സുതാര്യതയെയും കുറിച്ച് ഇന്ന് ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നുവന്നിരിക്കുന്നു. ബിഹാറിലേതിന് സമാനമായി, ദശലക്ഷക്കണക്കിന് ആളുകളുടെ വോട്ടുകൾ വെട്ടിക്കുറക്കാൻ രാജ്യമെമ്പാടും ഒരു ഗൂഢാലോചന നടക്കുന്നുണ്ട്.
വോട്ട് മോഷണം എന്നാൽ ദലിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, ദുർബലർ, ദരിദ്രർ എന്നിവരുടെ റേഷൻ, പെൻഷൻ, മരുന്നുകൾ, കുട്ടികളുടെ സ്കോളർഷിപ്പുകൾ, പരീക്ഷ പേപ്പറുകൾ എന്നിവ മോഷ്ടിക്കുകയാണ്. 2025ലെ നിയമസഭ തെരഞ്ഞെടുപ്പ് ബിഹാറിന് മാത്രമല്ല, മുഴുവൻ രാജ്യത്തിനും ഒരു നാഴികക്കല്ലായി മാറുമെന്നും മോദി സർക്കാറിന്റെ അഴിമതി ഭരണത്തിന്റെ അവസാനത്തിന്റെ തുടക്കമാകുമെന്നും ഖാർഗെ പറഞ്ഞു.
‘വോട്ടുകൊള്ള പിടിച്ചപ്പോൾ പൂട്ടിടുന്ന ഗ്യാനേഷ് ജി’
ന്യൂഡൽഹി: തങ്ങൾ വോട്ടുകൊള്ള പിടിച്ചാൽ മാത്രമേ ഒരു പൂട്ടിടുന്ന കാര്യം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ചിന്തിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അലന്ദിലെ വോട്ടുകൊള്ള സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടപ്പോൾ വ്യാജ അപേക്ഷകൾ തടയാൻ ‘ഇ- ഒപ്പ്’ നിർബന്ധമാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടി ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം.
വോട്ടു കൊള്ള അന്വേഷിക്കുന്ന കർണാടക സി.ഐ.ഡി കമീഷനോട് ആവശ്യപ്പെട്ട തെളിവുകൾ എപ്പോഴാണ് നൽകുകയെന്നും സമൂഹമാധ്യമമായ എക്സിൽ രാഹുൽ ചോദിച്ചു.രാഹുൽ കുറിച്ചതിങ്ങനെ: ‘‘ഞങ്ങൾ വോട്ടുകൊള്ള പിടികൂടിയതിനുശേഷം മാത്രമാണ് ഒരു പൂട്ടിടുന്ന കാര്യം താങ്കൾ ഓർക്കുന്നത്. ഇനി ഞങ്ങൾ വോട്ടുകൊള്ളക്കാരെയും പിടികൂടും. അതിനാൽ പറയൂ സി.ഐ.ഡിക്ക് എപ്പോഴാണ് താങ്കൾ തെളിവ് നൽകുക?’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

