രാഹുൽ ഗാന്ധി പൂഞ്ചിൽ
text_fieldsപൂഞ്ച്: ഓപറേഷൻ സിന്ദൂറിനെ തുടർന്ന് പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും നാട്ടുകാരെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. വലിയ ദുരന്തമാണുണ്ടായതെന്നും നിരവധിപേർക്ക് ജീവൻ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. സിവിലിയന്മാരെ പാകിസ്താൻ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു. പ്രദേശവാസികളുമായി സംസാരിച്ചെന്നും അവരുടെ പ്രശ്നങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ തകർന്ന വീടുകൾ, കെട്ടിടങ്ങൾ, മദ്റസ, ഗുരുദ്വാര, ക്ഷേത്രം, ക്രിസ്ത്യൻ മിഷനറി സ്കൂൾ എന്നിവ രാഹുൽ സന്ദർശിച്ചു. മേയ് ഏഴുമുതൽ പത്തുവരെയാണ് പാകിസ്താന്റെ കനത്ത ഷെല്ലാക്രമണമുണ്ടായത്.
ശനിയാഴ്ച രാവിലെ ജമ്മു വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധി ഹെലികോപ്ടറിലാണ് പൂഞ്ചിലെത്തിയത്. കോൺഗ്രസ് ജമ്മു-കശ്മീർ യൂനിറ്റ് പ്രസിഡന്റ് താരിഖ് ഹമീദ് കർറ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ജി.എ. മിർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ രണ്ടാമത്തെ സന്ദർശനമായിരുന്നു ഇത്. ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ ഏപ്രിൽ 25ന് ശ്രീനഗറിലെത്തി അദ്ദേഹം സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

