നിയമസഭ തെരഞ്ഞെടുപ്പ്: ബിഹാറിൽ ഇന്ന് രാഹുലും തേജസ്വിയും സംയുക്ത റാലികളെ അഭിസംബോധന ചെയ്യും
text_fieldsപട്ന: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔപചാരികമായി തുടക്കം കുറിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവും ഇന്ന് സംയുക്തമായി റാലികളെ അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് റാലിക്കായി രാഹുൽ ഗാന്ധി ബിഹാറിലെത്തുന്നത് ഇതാദ്യമായാണ്.
മുസഫർപൂർ സാക്രയിലും ദർഭംഗയിലും നടക്കാനിരിക്കുന്ന രണ്ട് സംയുക്ത റാലികളിൽ രാഹുൽ തേജസ്വിക്കൊപ്പം വേദി പങ്കിടും.
രാഹുൽ ആദ്യം സക്രയിലെ പൊതുയോഗത്തിൽ പ്രസംഗിക്കും. അതിനു ശേഷം മണ്ഡലത്തിലെ മഹാസഖ്യത്തിന്റെ നോമിനിയായ കോൺഗ്രസ് സ്ഥാനാർഥി ഉമേഷ് കുമാർ റാമിന് വേണ്ടി പ്രചാരണം നടത്തുകയും ചെയ്യും. അതിനു ശേഷം മിഥിലാഞ്ചൽ മേഖലയിൽ നിന്ന് മത്സരിക്കുന്ന മഹാസഖ്യ സ്ഥാനാർഥികൾക്ക് വേണ്ടി തേജസ്വിയും രാഹുലും ചേർന്ന് പ്രചാരണം നടത്തും.
കോൺഗ്രസിനും ആർ.ജെ.ഡിക്കും ഏറെ നിർണായകമാണ് ബിഹാർ തെരഞ്ഞെടുപ്പ്. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മഹാസഖ്യം വീണ്ടും ഐക്യത്തിന്റെ പാതയിലെത്തിയത്. വലിയ ജനക്കൂട്ടം റാലിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
നിലവിലെ പ്രചാരണത്തിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഒരുമിച്ചെത്തുന്നത് ആദ്യമാണ്. ബി.ജെ.പിയും ജെ.ഡി(യു)വും നയിക്കുന്ന ഭരണസഖ്യമായ എൻ.ഡി.എയെ കരുത്തോടെയും ഐക്യത്തോടെയും നേരിടാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് വോട്ടർ അധികാർ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി 16 ദിവസം ബിഹാറിലുണ്ടായിരുന്നു. ആഗസ്റ്റിലായിരുന്നു വോട്ടർ അധികാർ യാത്ര.
ജനങ്ങളുമായി സംവദിക്കാൻ വിവിധ ജില്ലകളിലായി ഏതാണ്ട് 1300 കിലോമീറ്ററുകളാണ് ഇരുനേതാക്കളും സഞ്ചരിച്ചത്. ഛാഠ് പൂജയോടനുബന്ധിച്ച് ബിഹാറിലേക്ക് മടങ്ങിവരുന്ന കുടിയേറ്റ തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ ആവശ്യമായ യാത്ര സൗകര്യം ഒരുക്കാത്തതിനെതിരെ രാഹുൽ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനമുന്നയിച്ചിരുന്നു. നവംബർ ആറിനും 11നുമായി രണ്ടുഘട്ടങ്ങളിലായാണ് ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 14ന് ഫലം പ്രഖ്യാപിക്കും. 243 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷം തികക്കാൻ വേണ്ടത്.
എൻ.ഡി.എയും ഇൻഡ്യ സഖ്യവുമാണ് ബിഹാറിൽ ഏറ്റുമുട്ടുന്നത്. ബി.ജെ.പി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവയാണ് എൻ.ഡി.എ സഖ്യത്തിലുള്ളത്. ആർ.ജെ.ഡി നയിക്കുന്ന ഇൻഡ്യ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും. ബി.ജെ.പി (80), ജെ.ഡി.യു (45), ആർ.ജെ.ഡി(77), കോൺഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ബി.ജെ.പിയുടെ പിന്തുണയോടെ ജെ.ഡി.യു സഖ്യമാണ് ഇപ്പോൾ ബിഹാർ ഭരിക്കുന്നത്. അധികാരം നിലനിർത്തുകയാണ് എൻ.ഡി.എ സഖ്യത്തിന്റെ ലക്ഷ്യം. ഒമ്പതു തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായത്. എന്നാൽ ഒരു ടേമിലും കാലാവധി തികച്ചില്ല.തേജസ്വി യാദവ് നയിക്കുന്ന ആർ.ജെ.ഡിയും കോൺഗ്രസുമാണ് പ്രധാനമായും ഇൻഡ്യസഖ്യത്തിലുള്ളത്. നിതീഷ് കുമാറിൽ നിന്ന് അധികാരം തിരിച്ചുപിടിക്കുകയാണ് ഇൻഡ്യ സഖ്യത്തിന്റെ ലക്ഷ്യം. ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രചാരണത്തിന് എത്തിയിരുന്നു.
7.43 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. അതിൽ 3.92 കോടി വോട്ടർമാർ പുരുഷൻമാരാണ്. 3.50 കോടി വോട്ടർമാർ സ്ത്രീകളും. വോട്ടെടുപ്പിനായി 90,712 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

