ബുള്ളറ്റിൽ നയിച്ച് രാഹുലും തേജസ്വിയും; ഗ്രാമീണ മേഖലയെ ഇളക്കിമറിച്ച് ‘വോട്ടർ അധികാർ യാത്ര’
text_fieldsന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര എട്ടാം ദിനം ബിഹാറിലെ ഗ്രാമീണ മേഖലകളെ ഇളക്കി മറിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് മുന്നേറിയ രാഹുൽ ഗാന്ധിയും, സഹയാത്രികൻ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഞായറാഴ്ച യാത്രയുടെ സ്വഭാവം മാറ്റിപ്പിടിച്ചു. ബിഹാറിലെ പൂർണിയ ജില്ലയിലൂടെയുള്ള യാത്രയിൽ ഇരു നേതാക്കളും ബുള്ളറ്റിലായിരുന്നു നയിച്ചത്. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ മുന്നേറിയ യാത്രയിൽ രാഹുൽ ഗാന്ധിയും, തേജസ്വി യാദവും ഹെൽമറ്റ് ധരിച്ച് ബുള്ളറ്റ് ഓടിച്ചുകൊണ്ട് വോട്ട് കൊള്ളക്കെതിരായ പോരാട്ടം ജനങ്ങൾക്കിടയിലേക്ക് നയിച്ചു. കോൺഗ്രസിന്റെയും, ആർ.ജെ.ഡിയുടെയും പതാകകളുമായി പ്രവർത്തകർ കാൽനടയായും, ബൈക്കിലുമായി നേതാക്കളെ അകമ്പടി സേവിച്ചപ്പോൾ സുരക്ഷ ഉറപ്പാക്കാനായി ഉദ്യോഗസ്ഥർ പാടുപെടുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. റോഡിനിരുവശവും കാത്തുനിന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു യാത്ര പുരോഗമിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന വോട്ട് കൊള്ളയും, ബിഹാറിൽ വോട്ടർപട്ടിക പരിഷ്‍കരണത്തിന്റെ മറവിൽ നടക്കുന്ന അട്ടിമറിക്കുമെതിരെയാണ് രാഹുലിന്റെ നേതൃത്വത്തിൽ വോട്ടർ അധികാർ യാത്ര പുരോഗമിക്കുന്നത്.
16 ദിവസം നീണ്ടു നിൽക്കുന്ന വോട്ടർ അധികാർ യാത്രയിലൂടെ 1300 കിലോമീറ്റർ പിന്നിട്ട് പട്നയിൽ സമാപിക്കും.
ആഗസ്റ്റ് 26നും 27നും പ്രിയങ്ക ഗാന്ധിയും യാത്രയില്‍ പങ്കെടുക്കും. ആഗസ്റ്റ് 27 ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, 29ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും അണിചേരുന്നുണ്ട്. ആഗസ്റ്റ് 30ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് യാത്ര നയിക്കാനെത്തും. ഹേമന്ത് സോറന്‍ , രേവന്ത് റെഡി, സുഖ്വിന്ദര്‍ സുഖു തുടങ്ങിയവരും യാത്രയുടെ ഭാഗമാകുന്നതോടെ ഇൻഡ്യ മുന്നണിയുടെ വലിയ പ്രചാരണ വേദിയായി വോട്ടർ അധികാർ യാത്രയെ മാറ്റുകയാണ് കോൺഗ്രസ്. യാത്ര സെപ്റ്റംബർ ഒന്നിന് പട്നയിൽ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

