ഉന്നം മോദിയിലേക്കും ആർ.എസ്.എസിലേക്കും തിരിച്ച് രാഹുൽ
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കും വരെ പോരാട്ടം അവസാനിക്കില്ലെന്ന് പ്രഖ്യാപിച്ചതിനൊപ്പം, പ്രക്ഷോഭത്തിന്റെ ഉന്നം പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കും ആർ.എസ്.എസിലേക്കും തിരിച്ചുപിടിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
പ്രക്ഷോഭത്തെ രാജ്യത്തിന്റെ ‘‘ഏറ്റവും പവിത്രമായ ഘടകത്തെ’’ സംരക്ഷിക്കാനുള്ള ദൗത്യമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ എന്നീ നാലുപേരെയും നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി. സമരക്കാർക്കെതിരെയുള്ള അടിച്ചമർത്തലുകൾ ഭരണകൂടത്തിന്റെ പരിഭ്രാന്തിയും ഭയവും മൂലമാണെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ രാഹുൽ ചൂണ്ടിക്കാട്ടി.
‘വോട്ട് ചോരി’യിൽ ഉപകരണമായി പ്രവർത്തിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ മാത്രമല്ല, ഭരണകൂടത്തിലെ ഉന്നതരെ തന്നെയാണ് പ്രക്ഷോഭം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് രാഹുലിന്റെ വാക്കുകൾ. ഭരണഘടനയെയും ജനങ്ങളുടെ ശബ്ദത്തെയും ആക്രമിച്ചതിന് ഇവർ വലിയ വില നൽകേണ്ടി വരുമെന്നും സമരവേദിയിൽ നിന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട ശേഷം നടത്തിയ പ്രതികരണത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ആകാശവാണി ഭവനിലെ മിന്നൽ സമരം ; രാഹുലിനും പ്രിയങ്കക്കുമെതിരെ കേസ്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ അനുമതിയില്ലാതെ ആകാശവാണി ഭവനിലേക്ക് കടന്നുകയറിയതിന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കൂടെയുണ്ടായിരുന്ന എം.പിമാർക്കുമെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ആകാശവാണി അധികൃതർ നൽകിയ പരാതിയിലാണ് നടപടി.
വോട്ടുകൊള്ള ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷണറുടെ ഓഫിസിലേക്ക് ചൊവ്വാഴ്ച മാർച്ച് നടത്തിയ പ്രതിപക്ഷ എം.പിമാരെ പൊലീസ് ബാരിക്കേഡുകൾ ഉയർത്തി തടഞ്ഞതോടെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തൊട്ടടുത്തുള്ള ആകാശവാണി ഭവന്റെ വളപ്പിലേക്ക് കടന്നത്.
തുടര്ന്ന് മറ്റ് നേതാക്കൾക്കൊപ്പം എട്ട് മണിക്കൂറിലധികം സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച ഇവരെ രാത്രിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്.
പ്രതിപക്ഷ മാർച്ചിന് അനുമതിയുണ്ടായിരുന്നില്ലെന്നും ക്രമസമാധാന നില ഉറപ്പാക്കാനും സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നത് തടയാനുമാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തതെന്നും ഡൽഹി പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെ നേരിട്ട് കാണാൻ പ്രതിപക്ഷ പ്രതിനിധിസംഘത്തിന് സമയം അനുവദിക്കാതെ സ്ഥലത്തുനിന്ന് പിന്മാറില്ലെന്ന് രാഹുൽ ഗാന്ധിയും എം.പിമാരും ശാഠ്യം പിടിച്ചതിനാലാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടിവന്നതെന്നും പൊലീസ് വ്യക്തമാക്കി.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടുന്ന കൂട്ടുകെട്ട്, ഭയന്നും പരിഭ്രാന്തരായും നില്ക്കുകയാണെന്നും അവർക്ക് കാര്യം വ്യക്തമായിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

