‘പ്രതിപക്ഷം തിരിച്ചുവരവിന്റെ പാതയിൽ’; മോദിയെ പരാജയപ്പെടുത്തുമെന്ന് രാഹുൽ
text_fieldsഹൈദരാബാദിൽ നടന്ന ഭാരത് സമ്മിറ്റിന്റെ രണ്ടാം പതിപ്പിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധി
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹൈദരാബാദിൽ നടന്ന ഭാരത് സമ്മിറ്റിന്റെ രണ്ടാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പതിറ്റാണ്ട് നീണ്ട പ്രതിസന്ധിക്ക് ശേഷം പ്രതിപക്ഷം തിരിച്ചുവരവിന്റെ പാതയിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്നേഹവും സത്യവും അഹിംസയുമാണ് അതിന് കരുത്തായത്. തെരുവുകളിലും ഡൽഹിയിലും പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും ഭയത്തിൽ ആ മാറ്റം കാണാമെന്നും അദ്ദേഹം പറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുമ്പ് കണ്ടിട്ടില്ലാത്ത രീതികൾ വന്നു. വൻതോതിൽ പണമൊഴുക്കിയുള്ള പ്രചാരണവും സഖ്യകക്ഷികളെ അടർത്തിയെടുക്കലും തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ ദുരുപയോഗവുമാണ് പ്രതിപക്ഷത്തെ ഒരു പതിറ്റാണ്ടോളം പ്രതിസന്ധിയിലാക്കിയത്.
എസ്.ഐ.ആറിന്റെ പേരിൽ യഥാർഥ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നുവെന്ന ആരോപണം അദ്ദേഹം വീണ്ടും ഉന്നയിച്ചു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത 14 കോടി പേരെ പിന്നീട് എസ്.ഐ.ആറിൽ നിലവിലില്ലാത്തവരായി പ്രഖ്യാപിച്ചു. 13 ശതമാനം വോട്ടർമാരെ അസാധുവെന്ന് പ്രഖ്യാപിച്ച ശേഷം ആ തെരഞ്ഞെടുപ്പ് എങ്ങനെ സാധുവാകുമെന്നും അദ്ദേഹം ചോദിച്ചു.
മഹാരാഷ്ട്രയിലെ ഫലവും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭ തെരഞ്ഞെടുപ്പിൽ മുന്നിട്ടുനിന്ന കോൺഗ്രസ് സഖ്യം മൂന്ന് മാസത്തിന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തകർന്നു. ഇടക്കാലത്ത് 70 ലക്ഷം പുതിയ വോട്ടർമാർ പട്ടികയിൽ ചേർക്കപ്പെട്ടു. അവരെല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്തു. രാജ്യം അഭിമാനിച്ചിരുന്ന സാമ്പത്തിക മാതൃക ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അതിന്റെ തകർച്ച വലിയ പ്രതിസന്ധിക്ക് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്പത്ത് ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ ലോക സമ്പന്ന പട്ടികയിൽ 600-ാം സ്ഥാനത്തായിരുന്ന വ്യവസായി പിന്നീട് രണ്ടാം സ്ഥാനത്തെത്തി. രാഷ്ട്രീയവും ബിസിനസും തമ്മിലുള്ള അതിർവര മാഞ്ഞുപോയെന്നും അദാനിയും മോദിയും തമ്മിൽ ഇപ്പോൾ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാഷിസത്തിനെതിരായ കോൺഗ്രസിന്റെ മറുപടി ഭാരത് ജോഡോ യാത്രയായിരുന്നു. കന്യാകുമാരി മുതൽ കശ്മീർ വരെ ജനങ്ങളെ നേരിട്ട് കണ്ടതാണ് പ്രതിപക്ഷത്തിന് ആത്മവിശ്വാസം നൽകിയത്. കള്ളവും കോപവും വിദ്വേഷവും ഭയവുമല്ല, സ്നേഹവും സത്യവും അഹിംസയുമാണ് ഫലം കണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സമ്മിറ്റിൽ പങ്കെടുക്കാൻ ചില വിദേശ പ്രതിനിധികൾക്ക് അനുമതി നിഷേധിച്ചതിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം ഗിഗ് തൊഴിലാളികൾക്കൊപ്പം ബൈക്ക് റാലിയിലും പങ്കെടുത്തു. അതേ ദിവസം തെലങ്കാന പ്ലാറ്റ്ഫോം അധിഷ്ഠിത ഗിഗ് തൊഴിലാളി നിയമങ്ങൾ അദ്ദേഹം പുറത്തിറക്കി. ഗിഗ് തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും സംസ്ഥാന സർക്കാർ നൽകും.

