'ഗ്യാനേഷിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി അധികകാലം തുടരാനാകില്ല'; മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഗ്യാനേഷ് കുമാറിന് രാജ്യത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ഇനി തുടരാൻ കഴിയില്ലെന്നും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കാൻ ആവശ്യമായ കൃത്യമായ തെളിവുകൾ പ്രതിപക്ഷത്തിന്റെ പക്കലുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാറിനെ കോടതിയിൽ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും നീതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണനേതൃത്വത്തിന്റെ സംരക്ഷണത്തിലോ പദവി നൽകുന്ന പ്രതിരോധത്തിലോ ഒളിച്ചിരുന്ന് രക്ഷപ്പെടാമെന്ന് ഗ്യാനേഷ് കുമാറോ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരോ കരുതേണ്ടതില്ലെന്നും, അവർ ജനപ്രതിനിധികളെയും ജനരോഷത്തെയും അഭിമുഖീകരിക്കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ ജനതയുടെ വോട്ടുകൾ ഇല്ലാതാക്കാൻ കൂട്ടുനിന്നവർക്കെതിരായ ഒരു ‘രാഷ്ട്രീയ ആയുധം’ ആണ് ഈ പൊതു ഇംപീച്ച്മെന്റ് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ പുറത്താക്കുന്ന കാര്യം ചർച്ച ചെയ്യാൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രതിപക്ഷ എം.പി മാർക്കും നേതാക്കൾക്കും ഒത്തുകൂടേണ്ടി വന്ന സാഹചര്യം രാഹുൽ ഗാന്ധി വിശദീകരിച്ചു. ഓരോ സ്ഥാപനവും തങ്ങൾക്കെതിരെ കൊട്ടിയടക്കപ്പെട്ടതിനാൽ വേറെ മാർഗമില്ലായിരുന്നു. 250 ലേറെ പ്രതിപക്ഷ എം.പിമാരും നേതാക്കളും മാധ്യമ പ്രവർത്തകരും സിവിൽ സംഘടനാ പ്രവർത്തകരും ഒന്നിച്ച ഇത്തരത്തിലുള്ള ഒരു സംഗമം മുമ്പുണ്ടായിട്ടില്ല. ഇത് കുറേ എം.പിമാരുടെയും സാധാരണ പൗരന്മാരുടെയും സാധാരണ കൂടിച്ചേരലാണെന്ന് തോന്നാം. പക്ഷെ, പ്രതീകാത്മകമായ പരസ്യ കുറ്റവിചാരണ ഒരു രാഷ്ട്രീയ ആയുധമാണ്. ഇന്ത്യയിലെ കോടിക്കണക്കിന് പൗരന്മാരുടെ വോട്ടുകൾ തകർക്കാൻ ഗൂഢാലോചന നടത്തിയ ഓരോരുത്തരുടെയും നേർക്കാണ് അത് ചൂണ്ടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഏകദേശം 13.3 കോടി വോട്ടർമാരെ (ഇന്ത്യയിലെ ആകെ വോട്ടർമാരുടെ 15 ശതമാനത്തോളം) പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇത്രയധികം വോട്ടുകൾ നീക്കം ചെയ്തതിലൂടെ 2024-ലെ തെരഞ്ഞെടുപ്പ് തന്നെ നിയമവിരുദ്ധമാണെന്ന് കമീഷൻ തന്നെ വ്യക്തമാക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭയെ ഓർമിപ്പിച്ച് വേദിയും മീരാകുമാറും
പഴയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭയെ അപ്പടി അനുകരിച്ച്, അധ്യക്ഷ വേദിയിൽ വന്നിരുന്ന് മുൻ സ്പീക്കർ മീരാകുമാർ ഒന്നര പതിറ്റാണ്ട് മുമ്പത്തെ തന്റെ ലോക്സഭാ നടപടികളുടെ ഓർമകളിലേക്കാണ് സദസിനെയും രാജ്യത്തെയും കൊണ്ടുപോയത്. അധ്യക്ഷ പദവിയിലിരുന്ന് സമയത്തിന്റെ കാര്യത്തിൽ പതിഞ്ഞ സ്വരത്തിലെങ്കിലും കാർക്കശ്യം കാണിച്ചിരുന്ന മീരാ കുമാർ സഭാ നടത്തിപ്പിലെ അതേ രീതി ജനകീയ ഇംപീച്ച്മെന്റിനായി ഒരുക്കിയ ജനസഭയിൽ മനോഹരമായി പുനരാവിഷ്‍കരിച്ചു. അനുവദിച്ച സമയം അതിക്രമിച്ചു കടന്ന മഹുവ മൊയ്ത്രയെ കർക്കശമായി ഇരുത്തിച്ച മീരാകുമാർ അനുവദിച്ച സമയത്തിനകത്ത് സംസാരിച്ച് തീർത്തവരെ അഭിനന്ദിക്കുകയുംചെയ്തു. മീരാകുമാറിനെ സഹായിക്കാൻ രാജ്യസഭ ടി.വിയുടെ മുൻ സി.ഇ.ഒ ഗുർദീപ് സിംഗ് സപ്പൽ വന്നതും യു.പി.എ കാലത്തേക്ക് ഓർമകൾ കൊണ്ടുപോയി.

