റൂബിയോ-ജയശങ്കർ കൂടിക്കാഴ്ച; മോദിയെ ട്രോളി രാഹുൽ ഗാന്ധി: 'ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലാണ്, നിങ്ങൾക്ക് വിശദീകരിക്കാം, അല്ലെങ്കിൽ ഞാൻ അത് ചെയ്യാം'
text_fieldsന്യൂഡൽഹി: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യാ സന്ദർശനത്തിലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ “ജീവനക്കാരൻ” എന്ന് വിശേഷിപ്പിച്ചാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം.
"മിസ്റ്റർ റൂബിയോ തന്റെ ജീവനക്കാരനെ മുംബൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മോദിജി, എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ നിങ്ങളുടെ ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലാണ്. കാര്യങ്ങൾ ഒന്ന് വിശദീകരിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം; ഇനിയിപ്പോൾ, ഞാൻ അത് വിശദീകരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ മാത്രം" - രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ഒക്ടോബർ 17 മുതൽ 22 വരെ റൂബിയോ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും സന്ദർശിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. തന്റെ ഇന്ത്യ സന്ദർശന വേളയിൽ റൂബിയോ മുംബൈ, ജാംനഗർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുകയും മുതിർന്ന ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുംബൈയിൽ വെച്ച് റൂബിയോയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം റൂബിയോയുടെ രണ്ടാമത്തെ ഔദ്യോഗിക ഇന്ത്യ സന്ദർശനമായിരിക്കും ഇത്. മെയ് 23 മുതൽ 26 വരെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം.
യു.എസ് അംബാസഡർ സെർജിയോ ഗോർ ആണ് മാർക്കോ റൂബിയോയുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചും ജയശങ്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുമുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.
കേന്ദ്രമന്ത്രിയുടെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള പ്രഖ്യാപനം മന്ത്രാലയത്തിന്റെ വക്താവിന് പകരം വിദേശ ഉദ്യോഗസ്ഥരിൽ നിന്നാണ് വന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാണിച്ചു.
“ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യയിലെ കൂടിക്കാഴ്ചകളുടെ പ്രഖ്യാപനം എന്ന് മുതലാണ് ഔദ്യോഗിക വക്താവല്ലാത്ത മറ്റൊരാൾക്ക് ഔട്ട്സോഴ്സ് ചെയ്യാൻ തുടങ്ങിയത്?” രമേശ് ചോദിച്ചു.
മുംബൈയിൽ റൂബിയോയുമായുള്ള വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും ജയറാം രമേശ് ചോദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

