
കോവിഡ് വ്യാപനം; ബംഗാളിലെ പൊതു പരിപാടികൾ റദ്ദാക്കി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബംഗാളിലെ തെരഞ്ഞെടുപ്പ് പൊതു പരിപാടികൾ റദ്ദാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
'കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും റദ്ദാക്കുന്നു. നിലവിലെ സാഹചര്യത്തിൽ വലിയ പൊതു റാലികൾ സംഘടിപ്പിക്കുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയാറാകണമെന്ന് അഭ്യർഥിക്കുന്നു' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ബംഗാളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി വമ്പൻ റാലികളാണ് സംഘടിപ്പിക്കുന്നത്. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടന്ന ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വമ്പൻ റാലി നടന്നിരുന്നു.
ബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പാണ് ഇനി നടക്കാനുള്ളത്. എട്ടുഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. ഏപ്രിൽ 22, 26, 29 തീയതികളിലാണ് ഇനി വോട്ടെടുപ്പ്. മേയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മൂന്നുഘട്ട തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തണമെന്ന് മുഖ്യമന്ത്രി മമത ബാനർജിയടക്കം ആവശ്യമുന്നയിച്ചിരുന്നു.
