സമരത്തിനിടെ മരിച്ച കർഷകരുടെ പട്ടിക പാർലമെൻറിൽ വെച്ച് രാഹുൽ
text_fieldsന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിനിടയിൽ മരിച്ച കർഷകരുടെ പട്ടികയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ. പഞ്ചാബ്, ഹരിയാന, യു.പി തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി മരിച്ച 700ൽപരം കർഷകർക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമരത്തിനിടയിൽ മരിച്ച കർഷകരുടെ കണക്കോ വിശദാംശങ്ങളോ സർക്കാറിെൻറ പക്കൽ ഇല്ലെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ അടുത്തയിടെ പാർലമെൻറിൽ പറഞ്ഞിരുന്നു. സർക്കാറിെൻറ പക്കൽ കണക്കില്ലെങ്കിൽ, തങ്ങളുടെ പക്കലുണ്ടെന്നും പാർലമെൻറിൽ വെക്കുമെന്നും രാഹുൽ ഗാന്ധി വെള്ളിയാഴ്ച വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു. അതനുസരിച്ചാണ് ശൂന്യവേളയിൽ രാഹുൽ വിഷയം ഉന്നയിച്ചത്.
പഞ്ചാബ് സർക്കാർ അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയത് 400ൽപരം കർഷകർക്കാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. 152 കർഷക കുടുംബാംഗങ്ങൾക്ക് ജോലി നൽകി. ഇത്രയുമായിട്ടും കേന്ദ്രത്തിെൻറ പക്കൽ കണക്കില്ല. രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ കാർഷിക നിയമങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് മാപ്പു പറഞ്ഞതാണ്. സർക്കാറിെൻറ പിഴവ് കർഷകരുടെ മരണത്തിന് ഇടയാക്കിയെങ്കിൽ, അതിന് നഷ്ടപരിഹാരം നൽകാനും ആശ്രിതർക്ക് തൊഴിൽ നൽകാനും സർക്കാറിന് ബാധ്യതയുണ്ട്.
രാഹുൽ ഉന്നയിച്ച വിഷയത്തിൽ സർക്കാർ മറുപടി നൽകണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ സർക്കാറിെൻറ ഭാഗത്തു നിന്ന് പ്രതികരണമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി. എൻ.സി.പി, ഡി.എം.കെ തുടങ്ങിയ പാർട്ടികളും ഇറങ്ങിപ്പോക്ക് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.



