കരൂർ ദുരന്തം: സ്റ്റാലിനേയും വിജയ് യേയും ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കരൂരിൽ ടി.വി.കെ റാലിക്കിടെ തിരക്കിൽപ്പെട്ട് 41 പേർ മരിച്ച സംഭവത്തിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനേയും ടി.വി.കെ അധ്യക്ഷൻ വിജയിയേയും ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി. രാഹുലുമായി സംസാരിച്ച വിവരം സ്ഥിരീകരിച്ച് എക്സിൽ സ്റ്റാലിന്റെ കുറിപ്പ് വന്നിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വിജയ് ഒരു പ്രതികരണവും നടത്തിയിട്ടില്ല.
സ്റ്റാലിനോട് ദുരന്തത്തെ കുറിച്ച് ചോദിച്ചറിഞ്ഞ രാഹുൽ ഗാന്ധി, ചികിത്സയിലുള്ളവരെ കുറിച്ചും ചോദിച്ചു. ദുരന്തത്തിൽ അനുശോചനമറിയിച്ച രാഹുൽ ഗാന്ധി ആത്മാർഥമായ പ്രതികരണം നടത്തിയെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു. സ്റ്റാലിനെ വിളിച്ചതിന് പിന്നാലെ ടി.വി.കെ അധ്യക്ഷൻ വിജയിയുമായും രാഹുൽ സംസാരിച്ചു. പാർട്ടി പ്രവർത്തകരുടെ മരണത്തിൽ രാഹുൽ വിജയിയെ അനുശോചനം അറിയിച്ചു.
കരൂർ ദുരന്തത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു; മരിച്ചത് ചികിത്സയിലായിരുന്ന 65കാരി, വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
കരൂർ: തമിഴ്നാട്ടിലെ കരൂരിൽ ടി.വി.കെ നേതാവും നടനുമായ വിജയ് യുടെ റാലിക്കിടെ തിക്കും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു. 65കാരിയായ സുഗുണയാണ് മരിച്ചതെന്ന് റിപ്പോർട്ട്. തിക്കും തിരക്കിലുംപെട്ട് ഗുരുതര പരിക്കേറ്റ സുഗുണ ചികിത്സയിലായിരുന്നു.
അപകടത്തിൽ മരിച്ചവരിൽ ഒമ്പത് കുട്ടികളും 18 സ്ത്രീകളും 14 പുരുഷന്മാരും ഉൾപ്പെടും. പരിക്കേറ്റ 116 പേർ കരൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ചിലരുടെ നില ഗുരുതരമാണ്. മരിച്ച 40 പേരിൽ 33 പേർ കരൂർ ജില്ലയിൽ നിന്നുള്ളവരാണ്. ആറുവയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളാണ് മരിച്ചത്.
അതേസമയം, ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച റിട്ട. ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള ഏകാംഗ ജുഡീഷ്യൽ കമീഷൻ ഞായറാഴ്ച വൈകീട്ട് അന്വേഷണം തുടങ്ങി. കരൂർ വേലുച്ചാമിപുരത്തെ പൊതുയോഗ സ്ഥലവും സമീപ പ്രദേശങ്ങളും ജസ്റ്റിസ് അരുണ ജഗദീശൻ സന്ദർശിച്ചു. പിന്നീട് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് മൊഴിയെടുത്തു. പൊതുജനങ്ങളുമായും അവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

