രാഹുൽഗാന്ധിയുടെ ഇസ്രായേൽ നിലപാട് മാറ്റം; സഖ്യത്തിലും കുടുംബത്തിലും ഭിന്നത
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചിക്കാഗോയിലെ വിവാദ പ്രസ്താവന ഇസ്രായേലിനോടുള്ള സമീപനവുമായി ബന്ധപ്പെട്ട് കോൺഗ്രസിലും ഇൻഡ്യ സഖ്യത്തിലും മാത്രമല്ല, ഗാന്ധി കുടുംബത്തിനകത്തുമുള്ള അഭിപ്രായ ഭിന്നത പുറത്ത്. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിപ്രിയങ്ക ഗാന്ധി ഗസ്സയിലെ വംശഹത്യക്കെതിരെ ഇസ്രായേലിനെതിരെ കൈക്കൊണ്ട വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന് വിപരീത നിലപാട് സ്വീകരിച്ച രാഹുൽ ഗാന്ധിയെ ഇൻഡ്യ സഖ്യത്തിലെ മൂന്ന് പ്രമുഖ ഇടതുപാർട്ടികളും തള്ളിപ്പറഞ്ഞു.
ഇസ്രയേലിന്‍റെ ചെയ്തി വംശഹത്യയെന്ന് വിശേഷിപ്പിച്ച സോണിയയുടെയും പ്രിയങ്കയുടെയും നിലപാടിൽനിന്ന് വ്യത്യസ്തമായ രാഹുലിന്റെ പ്രതികരണം നരേന്ദ്ര മോദി സർക്കാറിന്‍റെ ഇസ്രയേൽ അനുകൂല നിലപാടിനോടാണ് സാമ്യം. ഇസ്രയേലുമായി ശക്തമായ തന്ത്രപ്രധാന ബന്ധം വേണമെന്നും സൈന്യത്തിനായി മികച്ച ആയുധങ്ങൾ വാങ്ങുന്നതടക്കം ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാകണം വിദേശനയമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെടുമ്പോൾ, കടുത്ത ഇസ്രായേൽ വിരുദ്ധ നിലപാടാണ് കഴിഞ്ഞ ജൂണിൽ ഏറ്റവുമൊടുവിൽ ഈവിഷയത്തിൽ എഴുതിയ ലേഖനത്തിൽ പോലും സോണിയ ഗാന്ധി സ്വീകരിച്ചിരിക്കുന്നത്. ഗസ്സയിൽ ഇസ്രായേലി ഭരണകൂടം നടത്തുന്ന വംശഹത്യക്കെതിരെ രൂപപ്പെട്ട ലോക ജനതയുടെ അഭിപ്രായത്തിനൊപ്പം നിൽക്കുന്നതിന് പകരം നരേന്ദ്ര മോദി സർക്കാർ തുടരുന്ന മൗനത്തെ അതിരൂക്ഷമായ ഭാഷയിലാണ് സോണിയ വിമർശിച്ചത്. ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണെന്നും ഇന്ത്യ ഇസ്രായേലിനെ പിന്തുണക്കുന്നത് നാണക്കേടാണെന്നും പറഞ്ഞ് മോദി സർക്കാറിനെ നിരന്തരം ആക്രമിക്കുന്ന പ്രിയങ്ക ഗസ്സക്ക് ഐക്യദാർഢ്യവുമായി ബാഗ് അണിഞ്ഞ് പാർലമെന്‍റിൽ വന്നത് ഏറെ ചർച്ചയായിരുന്നു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ ഇടതുപാർട്ടികളും കോൺഗ്രസും ഒരേ നിലപാട് തറയിൽ നിന്നത് കൊണ്ടായിരുന്നു ഇസ്രായേലിനെതിരെ അറബ് രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തിലെ യു.എൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നപ്പോൾ മോദി സർക്കാറിനെതിരെ ഇടതുപാർട്ടികൾക്കൊപ്പം കോൺഗ്രസും രൂക്ഷവിമർശനവുമായി രംഗത്തുവന്നിരുന്നത്. ആ നിലപാടിൽ നിന്നുള്ള രാഹുലിന്‍റെ കീഴ്മേൽ മറിച്ചിലാണ് ഇടതുപാർട്ടികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമായ മൂന്ന് ഇടതുപാർട്ടികളും രാഹുലിനെതിരെ രംഗത്തുവന്നതോടെ വോട്ടുകൊള്ളക്കെതിരായ സമരത്തിലൂടെയും രാംലീല റാലിയിലൂടെ ഇൻഡ്യ സഖ്യത്തിന്‍റെ നേതാവെന നിലക്ക് രാഹുലിന് കിട്ടിയ അപ്രമാദിത്തമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് പുറമെ സി.പ.പിഐ രാജ്യസഭാ കക്ഷി നേതാവ് പി. സന്തോഷ് കുമാറും രാഹുലിന്‍റെ നിലപാട് ദേശീയ മാധ്യമങ്ങൾക്ക് മുമ്പാകെ തള്ളിപ്പറഞ്ഞു. സി.പി.എമ്മിനും സി.പി.ഐക്കും പുറമെ സമരങ്ങളിൽ കോൺഗ്രസിനെയും രാഹുലിനെയും ചേർത്തുനിർത്താറുള്ള സി.പി.ഐ-എം.എൽ ഇസ്രായേൽ നിലപാടിനെ അതിരൂക്ഷമായി വിമർശിച്ചു. സി.പി.ഐ -എം.എൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യയും രാഹുലിനെതിരെ വിശദമായ പ്രസ്താവനയുമായി രംഗത്ത് വന്നു. സോണിയാ ഗാന്ധിയിൽ നിന്നും പ്രിയങ്ക ഗാന്ധിയിൽ നിന്നും ഭിന്നമായി ഇസ്രായേൽ ബന്ധം ആരോപിക്കപ്പെട്ടിരുന്ന ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിൽ കൈകൊണ്ട സമീപനത്തിലേക്കാണ് രാഹുൽ ഗാന്ധി എത്തിച്ചേർന്നിരിക്കുകയാണ്. ഹമാസിനെ പേരെടുത്ത് പറഞ്ഞ് 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കണമെന്ന ശശി തരൂരിന്‍റെ ആവശ്യം തള്ളിക്കളഞ്ഞിടത്തു നിന്നാണ് രാഹുൽ ഗാന്ധി അതേ നിലപാടിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.

