‘ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ വിദേശ സഹായം തേടിയ രാഹുലിന്റെ നടപടി അപമാനകരം’ -രവി ശങ്കർ പ്രസാദ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ യു.എസും യൂറോപ്പും ഇടപെടണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യത്തെ അപമാനിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ്.
‘വിദേശ ഇടപെടൽ തേടിയതോടെ, രാഹുൽ ഗാന്ധി ഇന്ത്യയുടെ ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും പാർലമെന്റിനെയും നീതിന്യായ വ്യവസ്ഥയെയും രാജ്യത്തിന്റെ സുരക്ഷയെയും ഒരുപോലെ അപമാനിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ അമേരിക്കയും യൂറോപ്പും ഇടപെടണമെന്ന രാഹുൽ ഗാന്ധിയുടെ തീർത്തും നിരുത്തരവാദപരമായ പരാമർശത്തിൽ സോണിയാ ഗാന്ധിയും ഖാർഗെയും അവരുടെ നിലപാടുകൾ വ്യക്തമാക്കണം. അവർ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പിന്തുണക്കുന്നുണ്ടോ ? ഇല്ലെങ്കിൽ തള്ളിപ്പറയണം’ - രവി ശങ്കർ നിർദേശിച്ചു.
ലണ്ടൻ സന്ദർശന വേളയിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം വന്നത്. ‘ഇന്ത്യയിൽ ജനാധിപത്യത്തിന്റെ വലിയ ഭാഗവും ഇല്ലാതായത്, ജനാധിപത്യത്തിന്റെ സംരക്ഷകരായ യൂറോപ്പും യു.എസും വിസ്മരിക്കുന്നത് എന്തുകൊണ്ടാണ്. യു.എസിനും യൂറോപ്പിനും വിപണിയും പണവും ലഭിക്കുന്നതിനാൽ ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ അവർ വേണ്ടത്ര ശ്രമിക്കുന്നില്ല.’ എന്നായിരുന്നു രാഹുലിന്റെ പരാമർശം.
ആർ.എസ്.എസ് വർഗീയ ഫാഷിസ്റ്റ് സംഘടനയാണെന്ന ആരോപണത്തെയും കേന്ദ്രമന്ത്രി അപലപിച്ചു. ‘ആർ.എസ്.എസ് ഒരു ദേശീയ സംഘടനയാണ്. ഞങ്ങളെല്ലാം സ്വയംസേവകരാണെന്നതിൽ അഭിമാനിക്കുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി പൂർണമായും മാവോയിസ്റ്റ് ചിന്താ പ്രക്രിയയുടെ പിടിയിലാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

