ട്രംപിന് മുന്നിൽ 'നട്ടെല്ല് വളക്കരുത് മോദിജി'; യുപിഐ ചാർജിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: യു.പി.ഐ ഇടപാടുകൾക്ക് പുതിയതായി ഫീസ് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ പ്രധാനമന്ത്രി സാഷ്ടാംഗം പ്രണമിക്കുകയാണെന്നും ഇന്ത്യയുടെ വലിയൊരു തുക അമേരിക്കയ്ക്ക് നൽകുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. യു.പി.ഐ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.
വ്യാപാരികൾക്ക് നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 0.4 ശതമാനം ഫീസ് ഈടാക്കുമെന്ന് ചൊവ്വാഴ്ചയാണ് സർക്കാർ പ്രഖ്യാപിച്ചത്. ഒക്ടോബർ 15 മുതലാണ് പുതിയ നിരക്ക് നിലവിൽ വരിക. എന്നാൽ വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളെയും ചെറിയ തുകകളുടെ ഇടപാടുകളെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കുന്നത് അവസാനിപ്പിച്ച് നട്ടെല്ലുയർത്തി നിൽക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും യു.പി.ഐ നികുതി ഉടൻ പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അനുസ്മരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം. "നിങ്ങളുടെ ചായ്‌വ് ഇടതുപക്ഷത്തേക്കാണോ അതോ വലതുപക്ഷത്തേക്കാണോ എന്ന് ഒരിക്കൽ ഇന്ദിരാ ഗാന്ധിയോട് ചോദിച്ചപ്പോൾ 'എനിക്ക് ഇടത്തോട്ടോ വലത്തോട്ടോ ചായ്‌വില്ല, ഞാൻ നിവർന്നുനിൽക്കുന്നു' എന്നായിരുന്നു അവരുടെ മറുപടി. എന്നാൽ മോദിജിയുടേത് തികച്ചും വ്യത്യസ്തമായ ഒരു ആശയമാണ്. അദ്ദേഹത്തിന് ഇടതുപക്ഷത്തേക്കും വലതുപക്ഷത്തേക്കും ചായ്‌വില്ല, പകരം ഡൊണാൾഡ് ട്രംപിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്," രാഹുൽ പറഞ്ഞു.
യു.പി.ഐക്ക് നികുതി ഏർപ്പെടുത്തുന്നതിലൂടെ മോദി ഓരോ ഇന്ത്യക്കാരന്റെയും മേൽ നികുതി അടിച്ചേൽപ്പിക്കുകയാണെന്നും ഇതിലൂടെ ലഭിക്കുന്ന വലിയൊരു തുക അമേരിക്കയ്ക്ക് നൽകുകയാണെന്നും വീഡിയോയിൽ രാഹുൽ ആരോപിച്ചു. സീറോ എം.ഡി.ആർ അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യത്തിന് വഴങ്ങിയാണ് സർക്കാർ യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

